Skip to main content

pp









സീന്‍ ഒന്ന്

പുറംകടലില്‍ ഇടത്തരം കപ്പലില്‍ നിന്നു രണ്ടു മീന്‍ വള്ളങ്ങളിലായി പെട്ടികളില്‍ സാധനങ്ങള്‍ കയറ്റുന്നു. ഒരേ സമയം ആശങ്കയിലും ധൃതിയിലുമാണ് അവരുടെ നീക്കം. കപ്പലിലെ സംഘത്തലവന്‍ സാറ്റ് ഫോണില്‍ എവിടേക്കോ സംസാരിക്കുന്നു. കോഡ് ഭാഷയിലാണ് സംസാരം. എങ്കിലും സുരക്ഷിതമായി മീന്‍ വള്ളങ്ങളില്‍ സാധനം കയറ്റുന്നുണ്ടെന്ന് അയാള്‍ പറയുന്നു.

ആ സംഭാഷണം അവസാനിപ്പിച്ച് അയാള്‍ വള്ളത്തില്‍ സാധനം കയറ്റുന്നതിന്റെ ചുമതലക്കാരനോടു സംസാരിക്കുന്നു. പെട്ടെന്നാവട്ടെ. എത്ര ചാരക്കണ്ണുകള്‍ എവിടെയെല്ലാം ഉണ്ടെന്നറിയാമോ. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീര സേന അതീവ ജാഗ്രതയിലാണ്. അവര്‍ക്കു വേണ്ടി ഇന്ത്യന്‍ സാറ്റലൈറ്റുകളും കടല്‍ അരിച്ചുപെറുക്കുന്നുണ്ട്.

പെട്ടെന്ന് ആകാശത്ത് താഴ്ന്നു പറക്കുന്ന ഡോര്‍ണിയര്‍ വിമാനം. അതു തീര സംരക്ഷണ സേനയാണെന്നും എല്ലാവരും ജോലി നിറുത്താനും മീന്‍ പിടിത്തം നടത്താനും നിര്‍ദ്ദേശിക്കുന്ന സംഘത്തലവന്‍. ചെറുവള്ളങ്ങള്‍ മാറിപ്പോകുന്നു. ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍. വിമാനം പോയിക്കഴിയുമ്പോള്‍ വീണ്ടും അടുത്തുവരുന്ന വള്ളങ്ങള്‍.

കാമറ ചുമട്ടുകാരിലൊരാളിലേക്കു പോകുന്നു. ഒരു ചെറുപ്പക്കാരന്‍ തലക്കെട്ടിലൊളിപ്പിച്ച കാമറയില്‍ എല്ലാം പകര്‍ത്തുന്നുണ്ട്. തലക്കെട്ടായുള്ള തോര്‍ത്ത് പ്രത്യേകം ക്രമീകരിച്ച് അതിലാണ് കാമറ തിരുകി ഒളിപ്പിച്ചിരിക്കുന്നത്. അയാള്‍ ബോധപൂര്‍വം ഒരു പെട്ടിയുടെ മൂടി തുറക്കാന്‍ നോക്കുന്നു. വയ്‌ക്കോല്‍ കൂനയില്‍ പൊതിഞ്ഞ യന്ത്രത്തോക്ക് നാം കാണുന്നു. അയാള്‍ കഴിയുന്നത്ര ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. ഇതിനിടെ പണിയില്‍ ഉഴപ്പിയതിന് അയാളെ സംഘത്തലവന്‍ വഴക്കു പറയുന്നു.

ഇവന്മാരെയൊക്കെ എവിടെനിന്നു കിട്ടിയെന്നു ചോദിക്കുന്ന സംഘത്തലവന്‍. ഇവരെല്ലാം ഹാജി ഇമാമിന്റെ വിശ്വസ്തരാണെന്നും ഭയക്കേണ്ടതില്ലെന്നും അവര്‍ തമ്മിലുള്ള സംഭാഷണത്തില്‍ വ്യക്തമാകുന്നു. കിട്ടുന്ന അവസരങ്ങളില്‍ എല്ലാം പകര്‍ത്തുന്ന യുവാവ്.


സീന്‍ രണ്ട്

ദൗത്യം അവസാനിപ്പിച്ച് വള്ളങ്ങള്‍ തിരിക്കുന്നു. അതില്‍ യുവാക്കള്‍. അകന്നു പോകുന്ന കപ്പല്‍. ദൃശ്യം രാത്രിയില്‍ ലയിക്കുന്നു. വള്ളങ്ങള്‍ കൊല്ലത്തെ ഒരു തീരത്ത് അടുക്കുന്നു. അവിടെ നിന്ന് രാത്രിയില്‍ തന്നെ പ്രത്യേകം തയ്യാറാക്കിയ ഒരു ആംബുലന്‍സില്‍ സാധനങ്ങള്‍ കയറ്റുന്നു. രോഗിയായി വൃദ്ധനായ ഒരാളെയും ആംബുലന്‍സില്‍ കയറ്റുന്നു. അകന്നു പോകുന്ന ആംബുലന്‍സ്. ചുമട്ടുകാരായ യുവാക്കള്‍ക്കു പതിനായിരം രൂപ വീതം പ്രതിഫലം നല്കി മടക്കുന്നു.

സീന്‍ മൂന്ന്

രാത്രിയില്‍ കൊല്ലത്തിന്റെ പ്രാന്തത്തിലെവിടെയോ പിരിയുന്ന സംഘം. കാമറ നേരത്തേ രംഗങ്ങള്‍ പകര്‍ത്തിയ ചെറുപ്പക്കാരനെ പിന്തുടരുന്നു. അയാള്‍ വന്ന് ഒരു പഴയ മാരുതി കാറില്‍ കയറി പോകുന്നു. കാര്‍ ഒരു ഇസ്‌ളാമിക മതപാഠശാലയിലെത്തുന്നു. അവിടെ പുരോഹിതനെ കാണുന്ന ചെറുപ്പക്കാരന്‍. പുരോഹിതന്‍ അയാളെ കാത്തുനില്‍ക്കുന്നതുപോലെ. അവര്‍ തമ്മില്‍ ഉദ്വേഗത്തോടെ സംസാരിക്കുന്നു. എല്ലാം കിട്ടിയോ എന്നും കുഞ്ഞേ നിനക്ക് അപായമൊന്നും സംഭവിച്ചില്ലല്ലോ എന്നും ഇത്ര നേരവും ഞാന്‍ നെഞ്ചുരുകുകയായിരുന്നുവെന്നും പുരോഹിതന്‍. എല്ലാം പകര്‍ത്തിയെന്നും കുറച്ചേറെ റിസ്‌കുണ്ടായിരുന്നുവെന്നും അവന്‍ പറയുന്നു. ഇന്ത്യ ഒരു സ്വര്‍ഗമാണെന്നും പുറം നാടുകളില്‍ പോയിട്ടുള്ളവര്‍ക്കേ അതു മനസ്സിലാകൂ എന്നും ഈ സ്വര്‍ഗത്തെ നരകമാക്കാന്‍ ആരെയും അനുവദിക്കരുതെന്നും പുരോഹിതന്‍ പറയുന്നു. സൂക്ഷിക്കണമെന്നു പറഞ്ഞ് അവനെ യാത്രയാക്കുന്ന പുരോഹിതന്‍.


ടൈറ്റില്‍ കാര്‍ഡ്


സീന്‍ നാല്

കേരളത്തിലെ ഒരു മുന്‍നിര ടിവി ന്യൂസ് ചാനല്‍ ഓഫീസ്. കഴിഞ്ഞ ദിവസം കണ്ട പഴയ മാരുതി 800 കാര്‍ വന്നു നില്‍ക്കുന്നു. അതില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ ഇറങ്ങുന്നു. ഇന്നലെ നാം ചുമട്ടുതൊഴിലാളികളുടെ കൂട്ടത്തില്‍ കണ്ട യുവാവ്. ശരത് കൃഷ്ണന്‍. അയാള്‍ ചാനലിലെ ചീഫ് ഒഫ് ബ്യൂറോയാണ്.  രാവിലെ എഡിറ്റോറിയില്‍ മീറ്റിംഗ്. തലേദിവസത്തെ കുറ്റവും കുറവുകളും ചര്‍ച്ച ചെയ്യുന്നു. ഇന്നലെ ശരത് ലീവായിരുന്നതിന്റെ കുറവുകള്‍ വാര്‍ത്തയില്‍ ഉണ്ടായെന്നു പറയുന്ന എഡിറ്റര്‍. ഇന്ന് എന്തൊക്കെയാണ് പ്രധാന വാര്‍ത്തകളെന്നും മറ്റു ചാനലുകളെ എങ്ങനെ പിന്നില്‍ നിറുത്താമെന്നും ചര്‍ച്ചയില്‍ തന്ത്രങ്ങള്‍ ഒരുക്കുന്നു. മീറ്റിംഗ് അവസാനിക്കുന്നു.

സീന്‍ അഞ്ച്

ശരത് കൃഷ്ണന്‍ എഡിറ്ററുടെ മുറിയില്‍. ഇന്നലത്തെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലാപ് ടോപ്പില്‍ എഡിറ്ററെ കാട്ടുന്ന ശരത്. കേരളത്തെ നടുക്കുന്ന രണ്ടു വാര്‍ത്തകള്‍ ഒരേസമയം അയാള്‍ കൊണ്ടുവന്നിരിക്കുകയാണ്. രണ്ടും അനുബന്ധ സ്‌റ്റോറികളാണ്. സംസ്ഥാനത്തെ ഒരു മന്ത്രിയെ താഴത്തിറക്കാന്‍ വരെ പോന്നതാണ് വാര്‍ത്ത. പക്ഷേ, വാര്‍ത്ത കൊടുക്കാന്‍ എഡിറ്റര്‍ക്കു ധൈര്യം പോരാ. അയാള്‍ അവനെ സിഇഒയുടെ അടുത്തേയ്ക്ക് അയയ്ക്കുന്നു.

സീന്‍ ആറ്

സിഇഒയുടെ മുറി. അയാള്‍ ചെന്നപാടേ ശരത്തിന്റെ പല സ്റ്റോറികളുടെയും പേരില്‍ അയാളെ അഭിനന്ദിക്കുന്നു. ശരത്ത് പതിയെ വിഷയത്തിലേക്കു വരുന്നു. സിഇഒ ഞെട്ടുന്നു. ചാനലിന് വഴിവിട്ടുപോലും ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുള്ള, ചെയ്യുന്ന മന്ത്രിയെ പിണക്കാനവില്ല. സര്‍ക്കാരിനെ അട്ടിമറിക്കുക ചാനലിന്റെ നയവുമല്ലെന്ന് മേധാവി പറയുന്നു.

പക്ഷേ, വാര്‍ത്ത ചാനലിനു നല്കാന്‍ പോകുന്ന മൈലേജിനെക്കുറിച്ചാണ് അവന് പറയാനുള്ളത്. ഡെസ്‌കിലേക്ക് ഒരു വാര്‍ത്ത കൊടുത്താല്‍ പിന്നെ അതിന് എന്തു സംഭവിക്കുന്നു എന്ന് ഒരു നല്ല ജേര്‍ണലിസ്റ്റ് തിരക്കാറില്ലെന്ന് മേധാവി ഓര്‍മിപ്പിക്കുന്നു. ഇവിടെ അച്ചടിക്കപ്പെട്ടതിന്റെ ആയിരം ഇരട്ടി സ്‌കൂപ്പുകള്‍ അച്ചടിക്കപ്പെടാതെ പോയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

പക്ഷേ, ഡെസ്‌കിലേക്കു പോലും എത്തുംമുന്‍പ് പത്രപ്രവര്‍ത്തനത്തിന്റെ എബിസിഡി അറിയാത്ത ഒരു ബിസിനസുകാരന്റെ മുന്നില്‍ വാര്‍ത്ത മരിച്ചുവീഴുന്നത് മലയാളം ജേര്‍ണലിസത്തിന്റെ ദുരന്തമാണെന്ന് അവന്‍ തിരിച്ചടിക്കുന്നു.

ശരത്തിന്റെ മറുപടി മേധാവിക്ക് ഇഷ്ടപ്പെടുന്നില്ല. അവനെ അയാള്‍ ഗെറ്റൗട്ട് പറയാതെ പറയുന്നു. മലയാളം ടിവി ജേര്‍ണലിണസം പത്തൊമ്പതു വയസ്‌സിന്റെ വിവരക്കേടിലാണെന്നും നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പത്രങ്ങളും ആര്‍ക്കും എന്തും ആരെയും അറിയിക്കാന്‍ സോഷ്യല്‍ മീഡിയയുമുള്ള ഇക്കാലത്ത് ഒരാള്‍ വിചാരിച്ചാല്‍ വാര്‍ത്ത തമസ്‌കരിക്കാനാവില്ലെന്ന് മേധാവിയെ ഓര്‍മിപ്പിച്ച് അവന്‍ ഇറങ്ങിപ്പോരുന്നു. അവനെ നോക്കിയിരുന്നുകൊണ്ടുതന്നെ ഫോണ്‍ ഡയല്‍ ചെയ്യാന്‍ തുടങ്ങുന്ന സിഇഒ.



സീന്‍ ഏഴ്

സന്ധ്യ.
ശരത് കൃഷ്ണന്റെ ഫ്‌ളാറ്റ്.
ഒപ്പം ചാനലിലെ സുഹൃത്തുക്കളായ പ്രേമകുമാര്‍, രാഖി കൃഷ്ണന്‍, റോഷ്‌നി മേരി, ബി. സുഗുണന്‍ എന്നിവരുമുണ്ട്. മദ്യലഹരിയിലാണ് ശരത്. കൂട്ടത്തില്‍ ജോബി ഒഴികെ എല്ലാവരും മദ്യപിക്കുന്നു. സ്ത്രീകള്‍ ബിയറാണ് കഴിക്കുന്നത്.

ശരത് രാജി തീരുമാനം പ്രഖ്യാപിക്കുന്നു. മറ്റുള്ളവര്‍ സ്തബ്ധരാവുന്നു. ഇനിയെന്ത് എന്ന ചോദ്യത്തിന് അവന് ഉത്തരമില്ല. എല്ലാ കാര്യങ്ങളും പിന്നീട് തീരുമാനിക്കുമെന്നും ഒരു യാത്ര പോവുകയാണെന്നും അവന്‍ പറയുന്നു.

മന്ത്രിക്ക് പാകിസ്ഥാനില്‍ നിന്ന് വന്ന കണ്ടെയ്‌നര്‍ ആയുധവും പണവുമാണ് അവന്റെ സ്‌കൂപ്പ്. അതു കേട്ട് അവര്‍ ഞെട്ടുന്നു. മന്ത്രിയെ എങ്ങനെ ലിങ്ക് ചെയ്യുമെന്ന് മറ്റുള്ളവര്‍ ചോദിക്കുന്നു. വഴിയേ പറയാമെന്നു ശരത്.

മറ്റേതെങ്കിലും ചാനലില്‍ കൊടുക്കാമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഏതു ചാനലില്‍ പോയാലും ഇതൊക്കെ തന്നെയാവും സ്ഥിതിയെന്ന് ശരത് പറയുന്നു. മന്ത്രിക്ക് അത്രയേറെ സ്വാധീനമാണ് എല്ലായിടത്തും. ശരത് കൂടുതല്‍ മദ്യപിക്കുന്നു, കൂടുതല്‍ ഇമോഷണലാവുന്നു.

പ്രേമകുമാര്‍ ഫലിതങ്ങള്‍ പറഞ്ഞ് എല്ലാവരെയും റിലാക്‌സ് ചെയ്യിക്കാന്‍ നോക്കുന്നു. ശരത്തിന് അതിഷ്ടപ്പെടുന്നില്ല.

ഇതിനിടെ ശരത്തിന്റെ സുഹൃത്തും വെബ് പോര്‍ട്ടല്‍ ഉടമയുമായ ജോബി ജോര്‍ജ് കടന്നെത്തുന്നു. ജോബി വരുന്നതോടെ അന്തരീക്ഷത്തിന്റെ ഗൗരവം കൂടുന്നു. രാജി തീരുമാനത്തോട് അവന്‍ യോജിക്കുന്നില്ല. നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിക്കുന്നതിനോടാണ് അവന് വിയോജിപ്പ്. നമ്മുടെ പ്രതിപക്ഷ നേതാവിനെപ്പോലെ പാര്‍ട്ടിയുടെ ഭാഗമായി നിന്ന് പ്രതിരോധിക്കാനാണ് അവന്റെ നിര്‍ദ്ദേശം. പുറത്തുപോയാല്‍ ഒന്നുമല്ലാതായിപ്പോവുമെന്നും അവന്‍ ഓര്‍മിപ്പിക്കുന്നു.

പക്ഷേ, ശരത് വഴങ്ങുന്നില്ല. അവന്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ചര്‍ച്ചയ്‌ക്കൊടുവില്‍ വാര്‍ത്ത രണ്ടും വെബ് പോര്‍ട്ടലില്‍ കൊടുക്കാന്‍ തീരുമാനിക്കുന്നു. ടിവിയുടെ റീച്ച് വെബിനു കിട്ടുമോ എന്ന് മറ്റുള്ളവര്‍ക്ക് സംശയം. വാര്‍ത്തയെ കൊല്ലാക്കൊല ചെയ്യുകയാണെന്ന് സുഗുണന്‍. പ്രേമകുമാറിന് ഒന്നും പിടികിട്ടുന്നില്ല.

വാര്‍ത്ത എടുക്കാതിരുന്ന ശരത്തിന്റെ ചാനല്‍ ഉള്‍പ്പെടെ നാളെ എല്ലാ ചാനലുകളും ഈ വാര്‍ത്ത ഏറ്റെടുക്കേണ്ട സ്ഥിതി താന്‍ ഉണ്ടാക്കുമെന്ന് ജോബി പറയുന്നു. അതില്‍ ശരത്തിന് വിശ്വാസമുണ്ട്. ആ കാര്യം ഒരു സസ്‌പെന്‍സില്‍ നിര്‍ത്തി അവര്‍ മദ്യപാനത്തിലേക്ക് തിരിയുന്നു.

ഇതിനിടെ ചാനലിന്റെ ഡല്‍ഹിയിലെ താരപ്രഭയുള്ള റിപ്പോര്‍ട്ടറും അവരുടെ സുഹൃത്തുമായ ജഗദീഷ്  രാമചന്ദ്രന്‍ വീഡിയോ ചാറ്റില്‍ വരുന്നു. ശരത്ത് രാജിക്കാര്യവും യാത്ര പോകുന്നതിനെക്കുറിച്ചും പറയുന്നു. താന്‍ നാളെ കേരളത്തിലേക്ക് വരികയാണെന്നും അതു കഴിഞ്ഞു മതി തീരുമാനങ്ങളെന്നും ജഗദീഷ് പറയുന്നു.

ഇതിനിടെ ഡല്‍ഹിയില്‍ നാളെ ഒരു വാര്‍ത്താ സമ്മേളനം വിളിക്കാന്‍ ഏതെങ്കിലും എന്‍.ജി.ഒക്കാരെ ഒന്നു സംഘടിപ്പിക്കാന്‍ ജോബി പറയുന്നു. ജഗദീഷ് കാര്യം പറയുന്നു. കാര്യം സസ്‌പെന്‍സാണെന്നും വിവരം പിന്നാലെ പറയാമെന്നും ജോബി.

മദ്യപാനം അവസാനിപ്പിച്ച് അവര്‍ കാറില്‍ പുറത്തേക്കിറങ്ങുന്നു. ശരത്തിന്റേത് ഒരു വളരെ പഴയ മാരുതി 800 കാറാണ്. അതില്‍ എല്ലാവരും കുത്തിഞെരുങ്ങി പോകുന്നു. കാറിനെയും ശരത്തിനെയും എല്ലാവരും കളിയാക്കുന്നുമുണ്ട്. പെണ്‍കുട്ടികളുടെ ടുവീലര്‍ ശരത്തിന്റെ ഫ്‌ളാറ്റില്‍ തന്നെ വയ്ക്കുന്നു. കാറില്‍ പെണ്‍കുട്ടികളെ അവരുടെ ഹോസ്റ്റലിലും വീട്ടിലും വിട്ട് അവര്‍ ശംഖുംമുഖത്തേയ്ക്കു പോകുന്നു. പെണ്‍കുട്ടികള്‍ ഒപ്പം ചെല്ലാന്‍ തയ്യാറാണെങ്കിലും പീഡന കേസില്‍ കുടുങ്ങാന്‍ വയ്യാത്തതിനാല്‍ കൂടെ കൊണ്ടുപോകാനാവില്ലെന്നു പറഞ്ഞ് അവരെ അതാതിടത്ത് ഇറക്കുന്നു.

സീന്‍ എട്ട്

വലിയതുറ കടല്‍പ്പാലം
രാത്രി, നിലാവ്

കടല്‍പ്പാലത്തിലിരുന്ന് വീണ്ടും മദ്യപിക്കുന്ന സംഘം. തൊട്ടടുത്ത് ഒരു വൃദ്ധനിരുന്ന് മീന്‍ പിടിക്കുന്നുണ്ട്. അയാള്‍ അവരെ ശ്രദ്ധിക്കുന്നില്ല. എന്നാല്‍, മദ്യപസംഘത്തിന്റെ കൂത്താട്ടം അയാള്‍ക്ക് ഇഷ്ടപ്പെടുന്നുമില്ല. ഫെവിക്വിക്ക് പരസ്യത്തിലെ മീന്‍പിടിത്തക്കാരനാണ് ഇയാളെന്ന് പറഞ്ഞ് പ്രേമകുമാര്‍ കളിയാക്കുന്നുമുണ്ട്.

ശരത്ത് നന്നായി അര്‍ത്ഥഗര്‍ഭമായ ഒരു കവിത ചൊല്ലുന്നു. പിന്നീട് അവര്‍ വാര്‍ത്തയിലേക്ക് വരുന്നു. ഇതിനിടെ മീന്‍പിടിത്തക്കാരന്‍ ഗൗരവത്തില്‍ എഴുന്നേറ്റ് വന്ന് ഒന്നും പറയാതെ അവര്‍ പുതുതായി പൊട്ടിച്ച ഫുള്‍ ബോട്ടിലിലെ മദ്യമെടുത്ത് ഒറ്റയടിക്ക് അകത്താക്കുന്നു. എല്ലാവരും സ്തബ്ധരായി നോക്കിനില്‍ക്കുന്നു. പ്രേമകുമാര്‍ പകുതി കടിച്ചിട്ട് കൈയില്‍ പിടിച്ചിരുന്ന മാങ്ങാക്കഷണം വാങ്ങി തിന്നിട്ട് ചാറ് അവന്റെ ഉടുപ്പില്‍ തന്നെ അയാള്‍ തേച്ചുകൊടുക്കുന്നു.

ഒരുമിനിമഷം എല്ലാവരും നിശ്ശബ്ദര്‍. അടിയുടെ വക്കിലേക്ക് എന്നു തോന്നിക്കുന്ന നിമിഷം സുഗുണന്‍ ഗൗരവത്തില്‍ ചെന്ന് അയാളെ വണങ്ങി അടിയറവ് പറയുന്നു. പിന്നെ അവര്‍ കമ്പനിയാവുന്നു. അയാള്‍ പിന്നെയും ബാക്കിയിരുന്നതുകൂടി എടുത്തു കുടിച്ച് ഒരു കുലുക്കവുമില്ലാതെ ഇരുന്ന് മീന്‍ പിടിക്കുന്നു.

ജോബിയും ശരത്തും മാറിനിന്ന് വാര്‍ത്തയെക്കുറിച്ച് സംസാരിക്കുന്നു. പ്രേമകുമാറും സുഗുണനും മീന്‍പിടിത്തക്കാരനുമായി ചങ്ങാത്തത്തിലായി തമാശകള്‍ പറയുന്നു. ഇതിനിടെ ചൂണ്ട പ്രേമകുമാര്‍ വാങ്ങുന്നു. ചൂണ്ട വീശിയെറിയുന്നതിനിടെ അവന്‍ നിലതെറ്റി ഒരു നിലവിളിയോടെ കടലില്‍ വീഴുന്നു.

എല്ലാവരും സ്തബ്ധരാവുന്നു. പ്രേമകുമാര്‍ മുങ്ങിപ്പൊങ്ങുന്നു. സുഗുണന്‍ നിലവിളിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ ശരത്തും ജോബിയും. മീന്‍പിടിത്തക്കാരന്‍ കുടിച്ചതിന്റെ ഫിറ്റ് പോകുമെന്ന സങ്കടത്തില്‍ പ്രേമകുമാറിനെ തെറിപറഞ്ഞുകൊണ്ട് വെള്ളത്തിലേക്ക് ചാടുന്നു. അസാമാന്യ പാടവത്തോടെ അയാള്‍ പ്രേമകുമാറിനെ വലിച്ച് കരയ്ക്കു കയറ്റുന്നു. അവന്‍ നന്നായി വെള്ളം കുടിച്ചിട്ടുണ്ട്. അയാള്‍ അവനെ കമഴ്ത്തിക്കിടത്തി വെള്ളം ഛര്‍ദ്ദിപ്പിക്കുന്നു. സംഘം നന്നായി ഭയന്നു. പ്രേമകുമാര്‍ മൃതപ്രായനായി. അവര്‍ അവനെ കാറില്‍ എടുത്തുകിടത്തി ആശുപത്രിയില്‍ പോകാന്‍ നോക്കുമ്പോള്‍ വേണ്ട ഫ്‌ളാറ്റില്‍ പോയി കിടന്നാല്‍ മതിയെന്നായി പ്രേമകുമാര്‍. അവര്‍ ഫ്‌ളാറ്റിലേക്ക്.

മീന്‍ പിടിത്തക്കാരന്‍ തിരികെ പോയി ബാക്കിയിരുന്ന മദ്യം കൂടി മോന്തി പഴയ സ്ഥാനത്ത് മീന്‍പിടിക്കാന്‍ ഇരിക്കുന്നു.

സീന്‍ ഒമ്പത്
ശരത്തിന്റെ ഫ്‌ളാറ്റ്- രാത്രി

പ്രേമകുമാറിനെ ചുമന്ന് റൂമില്‍കൊണ്ടിടുന്ന സംഘം. സുഗുണന്‍ നന്നായി ആടിയിട്ടുണ്ട്. പ്രേമകുമാറിനെ വസ്ത്രങ്ങള്‍ ഊരിമാറ്റുന്നു. അവന്‍ അണ്ടര്‍വെയര്‍ ഇട്ടിട്ടില്ല. ഇതിന് സുഗുണന്‍ അവനെ കളിയാക്കുന്നു. പ്രേമകുമാറിനെ അവര്‍ നഗ്‌നനാക്കി തന്നെ ബെഡില്‍ തള്ളുന്നു. പുതയ്ക്കാന്‍ ഒന്നും കാണാഞ്ഞ് സുഗുണന്‍ കാര്‍ മൂടുന്ന റെയിന്‍ കവര്‍ എടുത്ത് അവനെ പൊതിഞ്ഞിടുന്നു. അതിഷ്ടപ്പെടാതെ ജോബി ഒരു ബെഡ്ഷീറ്റെടുത്ത് അവനെ മൂടുന്നു. മൂടി തീരും മുന്‍പേ പ്രേമകുമാര്‍ ഒന്നു തിരിഞ്ഞ് മലര്‍ന്ന് നിവര്‍ന്നു കിടക്കുന്നു. ബെഡ്ഷീറ്റ് താഴെപ്പോകുന്നു. സുഗുണന്‍ കണ്ണുപൊത്തുന്നു. ഒടുവില്‍ ജോബി തന്നെ കാര്‍ കവര്‍ എടുത്ത്  പ്രേമകുമാറിനെ പൊതിയുന്നു.

ശരത്ത് കുളിമുറിയിലേക്ക് പോകുന്നു. അവന്‍ കുളിക്കുന്ന ശബ്ദം കേള്‍ക്കെ, ജോബി കംപ്യൂട്ടര്‍ ഓണ്‍ ചെയ്യുന്നു.

ശരത്ത് കുളിച്ചു വരുന്നു. ശരത്തും ജോബിയും ചേര്‍ന്നിരുന്ന് മന്ത്രിയെക്കുറിച്ചുള്ള വാര്‍ത്തയും ചിത്രങ്ങളും വീഡിേെയായും തയ്യാറാക്കി ഇംഗ്‌ളീഷിലും മലയാളത്തിലും സൈറ്റില്‍ പോസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ്.

കേ്‌ളാക്കില്‍ വെളുപ്പിന് മൂന്നുമണിയാവുന്നതോടെ അവര്‍ വാര്‍ത്ത തയ്യാറാക്കി തീരുന്നു. അവര്‍ സംതൃപ്തിയോടെ കൈകൊടുത്ത് എഴുന്നേല്‍ക്കുന്നു. വാര്‍ത്ത രാവിലെ പതിനൊന്നുമണിയോടെ മാത്രമേ ലൈവാകൂ എന്ന് ജോബി പറയുന്നുണ്ട്.

അവര്‍ ഡല്‍ഹിയില്‍ ജഗദീഷിനെ വിളിക്കുന്നു. അസമയത്ത് വിളിച്ചുണര്‍ത്തിയതിന്റെ അസ്‌കിതയില്‍ അവന്‍ ഫോണെടുക്കുന്നു. വാര്‍ത്തയുടെ വിശദാംശങ്ങള്‍ അവനോടു പറയുന്നു. ഇംഗ്‌ളീഷ് വാര്‍ത്ത രാവിലെ പതിനൊന്നു മണിക്ക് അവിടെ എന്‍.ജി.ഒ ക്കാരെകൊണ്ട് പത്രസമ്മേളനം നടത്തി പുറത്തുവിടീക്കാന്‍ ആവശ്യപ്പെടുന്നു. പാകിസ്ഥാനില്‍ നിന്ന് കണ്ടെയ്‌നറില്‍ പണവും ആയുധവും  വന്നത് ഹൈലൈറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ഒരു നാഷണല്‍ ബ്രേക്കിംഗ് ന്യൂസ് ആകുമെന്ന് ജഗദീഷ് പറയുന്നു.

സംതൃപ്തിയോടെ അവര്‍ ഉറങ്ങാന്‍ ചെല്ലുന്നു. ഇപ്പോള്‍ കാറിന്റെ കവറിനടിയില്‍ പ്രേമകുമാറും സുഗുണനും കെട്ടിപ്പിടിച്ച് ഗാഢനിദ്രയിലാണ്. സുഗുണന്‍ വാളുവച്ചിട്ടുണ്ട്. അതിന്‍മേലാണ് രണ്ടുപേരും കെട്ടിപ്പിടിച്ചുകിടക്കുന്നത്. മുറിയില്‍ അസഹ്യമായ ഗന്ധം. സഹിക്കവയ്യാതെ ശരത്തും ജോബിയും അടുത്ത മുറിയിലേക്ക് കിടക്കാന്‍ പോകുന്നു.

സീന്‍ 10
എട്ടു മണി. ഫ്‌ളാറ്റ്

ജോബി ഉറക്കമെഴുന്നേല്‍ക്കുന്നു. മുഖം കഴുകി വന്ന് പത്രമെടുത്ത് വായിക്കാനിരിക്കുന്ന ജോബി അലസമായി ടിവി ഓണ്‍ ചെയ്യുന്നു. ന്യൂസ് ചാനലാണ്. ഒരു മരണവാര്‍ത്തയാണ് അയാള്‍ കാണുന്നത്. ഇന്നലെ കടല്‍പ്പാലത്തില്‍ അവരെ രക്ഷിച്ച മത്സ്യത്തൊഴിലാളി കടല്‍വെള്ളത്തില്‍ മരിച്ചുകിടക്കുന്നു. ജോബി ഞെട്ടുന്നു. അവന്‍ ഓടിപ്പോയി ശരത്തിനെ വിളിക്കുന്നു. അവനും അമ്പരന്നു നില്‍ക്കുന്നു.

അവര്‍  പ്രേമകുമാറിനെയും സുഗുണനെയും വിളിച്ചുണര്‍ത്തുന്നു. പ്രേമകുമാര്‍ എഴുന്നേല്‍ക്കുമ്പോഴാണ് താന്‍ നഗ്‌നനാണെന്ന് അറിയുന്നത്. അവന്‍ ചമ്മി കാറിന്റെ കവര്‍ തന്നെ എടുത്തുചുറ്റി വരുന്നു. വാര്‍ത്ത കണ്ട് അവന്‍ പേടിച്ചുവിറച്ചപോലെയായി. സുഗുണനും അമ്പരന്നുപോകുന്നു.


സീന്‍ 11
പകല്‍
ഡല്‍ഹിയിലെ ഒരു ഹാള്‍.
ഫ്രണ്ട്‌സ് ഒഫ് ഇന്ത്യ എന്ന സംഘടനക്കാര്‍ നടത്തുന്ന പത്രസമ്മേളനം.
അവരെ നയിച്ച് പിന്നില്‍ നില്‍ക്കുന്ന ജഗദീഷ്.
കേരളത്തിലെ മന്ത്രിക്ക് പാകിസ്ഥാനില്‍ നിന്ന് ഒരു കണ്ടെയ്‌നര്‍ പണവും ആയുധവും വന്ന വാര്‍ത്ത അവര്‍ ലൈവാക്കുന്നു.  യു ട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ദൃശ്യവുമുണ്ട്.
നാഷണല്‍ ചാനലുകളും മലയാളം ചാനലുകളും വാര്‍ത്ത അമ്പരപ്പോടെ പകര്‍ത്തുന്നു. രാജ്യത്തെ തീറെഴുതുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സംഘടനക്കാര്‍ ആവശ്യപ്പെടുന്നു.

സീന്‍ 12
മലയാളം ചാനലുകളിലും ഇംഗ്‌ളീഷ്-ഹിന്ദി ചാനലുകളിലും വാര്‍ത്ത കത്തിപ്പടരുന്നത് ഒരു കൊളാഷ് പോലെ. എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നത് ജോബിയുടെ ന്യൂസ് പോര്‍ട്ടലും ശരത്തിന്റെ ചിത്രവുമാണ്. മന്ത്രിയുടെ ദൃശ്യങ്ങളില്‍ എല്ലാം ബോസിനു വേണ്ടിയാണ് ചെയ്യുന്നതെന്ന് എടുത്തുപറയുന്നുണ്ട്.

സീന്‍ 13
പകല്‍

ശരത്ത് ജോലിചെയ്തിരുന്ന ചാനല്‍. നേരത്തേ കണ്ട മേധാവിയുടെ റൂം. അയാളുടെ മുറിയിലെ പല ടിവികളില്‍ വരുന്ന വാര്‍ത്ത കണ്ട് അയാള്‍ അമ്പരന്നിരിക്കുന്നു.

ന്യൂസ് എഡിറ്റര്‍ കടന്നുവരുന്നു. ഇനിയും വാര്‍ത്ത കൊടുക്കാതിരിക്കുന്നത് മണ്ടത്തരമാണെന്ന് ന്യൂസ് എഡിറ്റര്‍ പറയുന്നു. മറ്റു ചാനലുകളെല്ലാം കത്തിക്കയറുകയാണെന്നും ലൈവ് ചര്‍ച്ചയും തുടങ്ങിയെന്നും പറയുന്നു. ഒടുവില്‍ മേധാവി വാര്‍ത്ത ലൈവ് ചെയ്യാന്‍ പറയുന്നു.

ഇതിനിടെ ചാനല്‍ ഓഫീസില്‍ നിന്ന് ശരത്തിനെ വിളിക്കുന്നു. അവന്‍ അപ്പോള്‍ മറ്റൊരു ചാനലിന് അഭിമുഖം കൊടുക്കുകയാണ്. ഫോണെടുക്കുന്നത് ജോബിയാണ്. ശരത്തിനെ ഉടന്‍ കിട്ടില്ലെന്നു പറയുമ്പോള്‍ ന്യൂസ് എഡിറ്റര്‍ നിസ്സഹായനായി ഫോണ്‍ വയ്ക്കുന്നു. മാധ്യമമല്ല, വാര്‍ത്തയാണ് വലുതെന്ന് ശരത്ത് സംഭാഷണത്തില്‍ സ്ഥാപിക്കുന്നു.


സീന്‍ 14
പകല്‍
മന്ത്രിയുടെ ഓഫീസ്
നിസ്സഹായനായി തളര്‍ന്നു കസേരയില്‍ കിടന്നു വാര്‍ത്ത കാണുന്ന മന്ത്രി.
കാണാനായി ചാനല്‍ പട പുറത്തുണ്ടെന്നു സെക്രട്ടറി വന്നു പറയുന്നു. ആരെയും അകത്തേയ്ക്കു കയറ്റേണ്ടെന്നു പറഞ്ഞ് മന്ത്രി ലെറ്റര്‍ ഹെഡ് എടുത്ത് എഴുതാനിരിക്കുന്നു. എഴുതുന്നത് രാജിക്കത്താണ്. കത്ത് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കാന്‍ സെക്രട്ടറിയെ ചട്ടംകെട്ടി പിന്‍വാതിലിലൂടെ ഇറങ്ങിപ്പോകുന്ന മന്ത്രി. അവിടെ കാമറയുമായി ഒരു ടിവി ജേര്‍ണലിറ്റ്. കൊന്നു തിന്നത് മതിയായില്ലേ എന്നു ചോദിച്ച് ക്ഷുഭിതനായി പുറത്തേയ്ക്കു പോകുന്ന മന്ത്രിയും ഒരു പരിചാരകനും.

സീന്‍ 15
പകല്‍
ഫ്‌ളാറ്റ്

ചാനലുകളില്‍ വാര്‍ത്തകള്‍ മാറിമാറി കണ്ട് രസിച്ചിരിക്കുന്ന ജോബി, പ്രേമകുമാര്‍, സുഗുണന്‍, രോഷ്‌നി, രാഖി.

ശരത്ത് തൊട്ടടുത്ത മുറിയില്‍ അമ്മയുമായി ഫോണില്‍ സംസാരത്തിലാണ്. വാര്‍ത്ത കണ്ട് ഭയന്ന് അമ്മ വിളിച്ചതാണ്. അമ്മ ഭയക്കേണ്ടെന്നും വൈകാതെ താന്‍ വീട്ടിലേക്ക് എത്തുമെന്നും അവന്‍ അമ്മയോടു പറയുന്നു.

ശരത്ത് വന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേരുന്നു. ന്യൂസ് എഡിറ്റര്‍ വീണ്ടും വിളിക്കുന്നു. ശരത്ത് ഫോണ്‍ എടുക്കുന്നു. ശരത്ത് വളരെ കൂളാണ്. കാലം ഒരുപാട് മാറിപ്പോയെന്നും ഒരു ഫേസ്ബുക്ക് പേജ് കൊണ്ടും ലോകം കീഴ്‌മേല്‍ മറിക്കാമെന്നും പഠിക്കണമെന്നും അവന്‍ ഓര്‍മിപ്പിക്കുന്നു. ജൂലിയന്‍ അസാഞ്ജും വിക്കി ലീക്‌സും ഒരു വലിയ പാഠമായി മുന്നിലുണ്ടായിട്ടും നാമൊന്നും ഒന്നും പഠിച്ചില്ലെന്നും അവന്‍ പറയുന്നു.

നടപടി ഉണ്ടാവുമെന്ന് ന്യൂസ് എഡിറ്റര്‍ ശരത്തിനോടു പറയുന്നു. അതിന് രാജിക്കത്ത് താന്‍ മെയില്‍ ചെയ്തല്ലോ എന്ന് അവന്‍ പറയുന്നു. അതിന് ഒരു മാസത്തെ മുന്‍കൂര്‍ നോട്ടീസ് വേണമെന്നായി ന്യൂസ് എഡിറ്റര്‍. ഒരു മാസത്തില്‍ കൂടുതല്‍ ലീവ് കിടപ്പുണ്ടെന്നും ആ ലീവിനു ശേഷമാണ് രാജിയെന്നും അവന്‍ പറഞ്ഞ് ഫോണ്‍ വയ്ക്കുന്നു.

തന്നെ പ്രതി ആരും ജോലി കളഞ്ഞ് ഇരിക്കേണ്ടെന്നും എല്ലാവരും ഓഫീസിലേക്ക് പോകാനും ശരത്ത് ആവശ്യപ്പെടുന്നു.

ജോബിക്ക് ഒരു ഫോണ്‍ വരുന്നു. ഒരു ചാനലിന്റെ ഓഫീസില്‍ നിന്നാണ്. ഡിസ്‌കഷനു വൈകിട്ട് ചെല്ലണം. അവന്‍ സമ്മതിക്കുന്നു. അതിനു മുന്‍പ് വീട്ടില്‍ പോകേണ്ടതുണ്ടെന്നു പറഞ്ഞ് അവന്‍ ഇറങ്ങുന്നു.


സീന്‍ 16
രാത്രി
എയര്‍പോര്‍ട്ട്


ശരത്ത്, പ്രേമകുമാര്‍, സുഗുണന്‍, രാഖി, റോഷ്‌നി

ജഗദീഷ് രാമചന്ദ്രന്‍ എത്തുന്നു. ഒപ്പം അല്പം എക്‌സന്‍ട്രിക്ക് എന്നു തോന്നുന്ന ഒരു ഉത്തരേന്ത്യന്‍ യുവാവും (മുഹമ്മദ് അമീന്‍). അമീന്‍ എല്ലാവരുമായും ചേരാതെ അല്പം അകന്നാണ് നില്‍ക്കുന്നത്.

മറ്റുള്ള എല്ലാവരും ആഹ്‌ളാദത്തില്‍. എല്ലാവരിലേക്കും പോസിറ്റീവ് എനര്‍ജിയും ആഹ്‌ളാദവും പകര്‍ന്നാണ് ജഗദീഷിന്റെ വരവ്. രസിച്ചുസന്തോഷിച്ച് അവര്‍ ശരത്തിന്റെ ഫ്‌ളാറ്റിലേക്ക്.

സീന്‍ 17
രാത്രി
ഫ്‌ളാറ്റ്

ഫ്‌ളാറ്റില്‍ വീണ്ടും പാനോത്സവം. ജോബിയെ ജഗദീഷ് തിരക്കുന്നു. അവന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ചാനല്‍ ചര്‍ച്ച കഴിഞ്ഞ് ഓണ്‍ ചെയ്യാന്‍ മറന്നതാവുമെന്നും ശരത്ത് പറയുന്നു.

കടുത്ത ചര്‍ച്ചകളും വാഗ്വാദങ്ങളും. സുഗുണന്റെയും പ്രേമകുമാറിന്റെയും മണ്ടത്തരങ്ങള്‍ മേമ്പൊടിയായുണ്ട്. ശരത്തിന്റെ അടുത്ത പദ്ധതി എന്തെന്ന ജഗദീഷിന്റെ ചോദ്യത്തിന് അവന് ഉത്തരമില്ല. ശരത്ത് നീണ്ടൊരു യാത്രയെക്കുറിച്ചാണ് പറയുന്നത്. എന്നാല്‍, പിന്നെ കാഷായം കൂടി ചുറ്റിക്കോളാന്‍ ജഗദീഷ് ദേഷ്യത്തോടെ പറയുന്നു.

പെട്ടെന്ന് ജഗദീഷ് ഒരു പുതിയ ചാനല്‍ എന്ന ആശയത്തെക്കുറിച്ച് പറയുന്നു. ശരത്ത് കളിയാക്കി ചിരിക്കുന്നു. പക്ഷേ, ജഗദീഷ് ഗൗരവത്തിലാണ്. ഇനിയൊരു ചാനലിന് സ്‌പേസുണ്ടോ എന്ന് ശരത്ത് ചോദിക്കുന്നു. മാധ്യമമല്ല, വാര്‍ത്തയാണ് വലുതെന്ന് ജോബിയും നീയും കൂടിയല്ലേ രാവിലെ മുതല്‍ ചാനലായ ചാനലുകളില്‍ വിളിച്ചുകൂവുന്നതെന്നു ജഗദീഷ് ചോദിക്കുന്നു.

തുടങ്ങി മുടങ്ങിപ്പോയ ഒരു ചാനലിന്റെ ലൈസന്‍സ് പാട്ടത്തിനെന്നപോലെ എടുക്കാമെന്നും ഘട്ടംഘട്ടമായി പണം കൊടുത്ത് സ്വന്തമാക്കാമെന്നും അവന്‍ പറയുന്നു. അത്തരം ജോലികള്‍ തനിക്ക് വിട്ടേക്കാനും ജഗദീഷ് പറയുന്നു. എങ്കിലും ഫണ്ട് എവിടെ എന്ന ശരത്തിന്റെ ചോദ്യത്തിന് അതിനും താന്‍ വഴിയുണ്ടാക്കാമെന്ന് അവന്‍ പറയുന്നു.

മറ്റുള്ളവര്‍ ആവേശത്തിലാണ്. ശരത്ത് സംശയത്തിലും. ഒടുവില്‍ മറ്റുള്ളവരുടെ ആവേശത്തിന് അവനും വഴങ്ങുന്നു. അപ്പോഴും അവന്‍ പറയുന്നുണ്ട്, ഇത് ആവേശംകൊണ്ടുള്ള എടുത്തുചാട്ടമാണ്, ഒരു സമുദായത്തിന്റെയോ പാര്‍ട്ടിയുടേയോ കോര്‍പ്പറേറ്റിന്റെയോ പിന്തുണയില്ലാതെ ചാനലും പത്രവും ഇവിടെ വിജയിപ്പിക്കുക എളുപ്പമല്ലെന്ന് അവന്‍ പറയുന്നു. എന്നാല്‍ പിന്നെ ഏഷ്യാനെറ്റ് വളര്‍ന്നതെങ്ങനെയെന്നും ഇന്ത്യാ വിഷന്‍ എന്തു വിസ്മയമാണ് ഒരു പിന്തുണയുമില്ലാതെ കാട്ടിയതെന്നും ജഗദീഷ് ചോദിക്കുന്നു. വലിയ പിന്തുണയുള്ള പല ചാനലുകളും മുടന്തുന്നുണ്ടെന്നും അവന്‍ പറയുന്നു.

സീന്‍ 18
ഒരു ഒളിത്താവളം

ജോബിയെ കസേരയില്‍ കെട്ടിവരിഞ്ഞ് ഇരുത്തിയിരിക്കുന്നു. മര്‍ദ്ദനമേറ്റ് അവന്‍ അവശനാണ്. ജോബിക്കു മുന്നില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട അലിക്കുഞ്ഞ് റാവുത്തര്‍. അയാള്‍ നന്നായി മദ്യപിച്ചിട്ടുമുണ്ട്. അലിക്കുഞ്ഞ് വല്ലാതെ ക്രുദ്ധനാണ്. കോപത്താല്‍ ജ്വലിക്കുന്നു. തന്റെ സ്ഥാനം തെറിപ്പിച്ച വാര്‍ത്തയിലുള്ള ദേഷ്യമെല്ലാം മന്ത്രി തീര്‍ക്കുന്നു. ഇതിവിടംകൊണ്ടു തീരില്ലെന്നും ശരത്തും ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയേണ്ടിവരുമെന്നും അലിക്കുഞ്ഞ് പറയുന്നു. ജോബിക്കു കൊടുക്കുന്ന തല്ലില്‍ പകുതി ശരത്തിനുള്ളതാണെന്നും പറയുന്നു.

മാരകമായി മര്‍ദ്ദിച്ച് അവശനാക്കി ജോബിയില്‍ നിന്ന് പോര്‍ട്ടലിന്റെ അഡ്മിന്‍ പാസ്‌വേഡ് അലിക്കുഞ്ഞിന്റെ ആള്‍ക്കാര്‍ സ്വന്തമാക്കുന്നു. അവനു മുന്നിലിരുന്നു തന്നെ സൈറ്റില്‍ കയറി വാര്‍ത്തയെല്ലാം മാറ്റി മന്ത്രിയെ പ്രകീര്‍ത്തിക്കുന്ന വാര്‍ത്ത ഇടുന്നു. ഇതെല്ലാം ചെയ്യുന്നത് ജോബിക്കു കൂടി അറിയാവുന്ന ഒരു പത്രപ്രവര്‍ത്തകനുമാണ്.

ഇതിനിടെ മന്ത്രിയുടെ സഹായികളില്‍ പ്രധാനി ചെയ്യുന്നതെല്ലാം അബദ്ധങ്ങളാണെന്നു മന്ത്രിയെ ഓര്‍മിപ്പിക്കുന്നു. മദ്യലഹരിയില്‍ അലിക്കുഞ്ഞ് പക്ഷേ ഒന്നും കാര്യമാക്കുന്നില്ല. ഇത് അപ്‌ഡേറ്റ് ചെയ്ത കംപ്യൂട്ടറും അതിരിക്കുന്ന സ്ഥലവും നിമിഷനേരം കൊണ്ട് പൊലീസിനു കണ്ടെത്താവുന്നതേയുള്ളൂ എന്നും സഹായി ഓര്‍മിപ്പിക്കുന്നു. ഇതു കേട്ട് മന്ത്രി തോക്കെടുത്ത് കംപ്യൂട്ടര്‍ വെടിവച്ചു നശിപ്പിക്കുന്നു.

സൈറ്റില്‍ വാര്‍ത്ത ഇട്ടതില്‍ പിന്നെ ജോബിയെ വീണ്ടും മര്‍ദ്ദിച്ച് അലിക്കുഞ്ഞ് എഴുന്നേല്‍ക്കുന്നു. പോകുന്ന പോക്കില്‍ ജോബിയെ കൊന്ന് കല്ലുകെട്ടി കടലില്‍ താഴ്ത്താന്‍ കിങ്കരന്മാരോട് അയാള്‍ നിര്‍ദ്ദേശിക്കുന്നു.

എന്തോ ഓര്‍ത്തിട്ടെന്നപോലെ, അല്ലെങ്കില്‍ രണ്ടു ദിവസം ഇവന്‍ ഇവിടെ കിടക്കട്ടെ, അതു കഴിഞ്ഞു നമുക്ക് തീരുമാനിക്കാമെന്നു പറഞ്ഞ് അലിക്കുഞ്ഞ് പോകുന്നു.

അലിക്കുഞ്ഞ് പോകുന്നതോടെ അവര്‍ ജോബിയെ വിട്ട് മദ്യപാനത്തിലേക്ക് തിരിയുന്നു. അതിലൊരുവന്‍ പരിഹാസരൂപേണ ജോബിക്ക് മദ്യം വേണോ എന്നും ചോദിക്കുന്നുണ്ട്.


സീന്‍ 19
ശരത്ത് ഉറക്കത്തിലാണ്.
അവന് ഒരു ഫോണ്‍ വരുന്നു. ചാനലിലെ സഹപ്രവര്‍ത്തകരാരോ ആണ്.
അവന്‍ ഓടിപ്പോയി കംപ്യൂട്ടര്‍ തുറന്ന് ജോബിയുടെ സൈറ്റില്‍ കയറുന്നു. മാറിയ വാര്‍ത്ത കണ്ട് അവന്‍ നടുങ്ങുന്നു. ശരത്ത് ജഗദീഷിനെ വിളിച്ചുണര്‍ത്തുന്നു. ജോബിക്ക് എന്തോ അപകടം പിണഞ്ഞെന്ന് അവന് തോന്നു. ചാനല്‍ സുഹൃത്തുക്കളെ വിളിച്ച് ഈ വിവരം വാര്‍ത്തയാക്കാന്‍ അവന്‍ പറയുന്നു. അവന്‍ ആകെ ഭയന്നിട്ടാണ്. എന്നാല്‍, അത്ര ഭയമൊന്നും ജഗദീഷിന്റെ മുഖത്തില്ല.

ജോബിയെ അലിക്കുഞ്ഞ് ചതിയില്‍ പെടുത്തിയതാകാമെന്ന് ശരത്ത് ഉറച്ചു വിശ്വസിക്കുന്നു. ഈ ഒരു ഘട്ടത്തില്‍ അലിക്കുഞ്ഞ് അങ്ങനെ ഒരു മണ്ടത്തരം കാട്ടുമോ എന്നായി ജഗദീഷിന് സംശയം.

സീന്‍ 20
പ്രസ് ക്‌ളബ്
മുഖ്യമന്ത്രിയുടെ മുഖാമുഖം

സംസ്ഥാന മന്ത്രിസഭയെ ബാധിക്കുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ജോബിയെ കാണാതായതിനെക്കുറിച്ച് ചോദിക്കുന്ന ശരത്ത്. സൈറ്റില്‍ വന്ന വാര്‍ത്തയും ദുരൂഹത ഉയര്‍ത്തുന്നതാണെന്ന് മറ്റു പത്രപ്രവര്‍ത്തകര്‍ പറയുന്നു. കൃത്യമായ ഉത്തരം നല്കാന്‍ മുഖ്യമന്ത്രിക്കാവുന്നില്ല. ഉടന്‍ ജോബിയെ കണ്ടെത്തുമെന്നു മാത്രമാണ് മുഖ്യമന്ത്രി പറയുന്നത്.

ചോദ്യങ്ങള്‍ മന്ത്രി അലിക്കുഞ്ഞിലേക്ക് വരുന്നു. അലിക്കുഞ്ഞ് എവിടെയെന്ന ചോദ്യത്തിന് അയാള്‍ ഒളിവില്‍ അല്ലെന്നും നാളെ കോടതിയില്‍ ഹാജരായി കീഴടങ്ങുമെന്ന് രാജി വേളയില്‍ തന്നോട് പറഞ്ഞെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തുന്നു. അയാളുമായി സര്‍ക്കാരിന് ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി പറയുന്നു.


സീന്‍ 21
രാത്രി
ജോബിയെ തടവിലിട്ടിരിക്കുന്ന താവളം

കിട്ടിയ ഒരു പഴുതില്‍ ജോബി രക്ഷപ്പെടുന്നു. അവന്‍ തീരെ അവശനാണ്. രക്ഷപ്പെട്ട് ജോബി എത്തുന്നത് റോഷ്‌നി മേരിയുടെ വീട്ടിലാണ്. അവന്‍ അവളോട് കാര്യങ്ങള്‍ പറയുന്നു. റോഷ്‌നിയുടെ അച്ഛനമ്മമാരും അവനോട് സ്‌നേഹത്തോടെ പെരുമാറുന്നുണ്ട്.

അവളുടെ കംപ്യൂട്ടര്‍ ഉപയോഗിച്ച് അവന്‍ രാത്രിയില്‍ തന്നെ ന്യൂസ് പോര്‍ട്ടല്‍ പൂര്‍വസ്ഥിതിയിലാക്കുന്നു. തന്റെ ചിത്രങ്ങള്‍ റോഷ്‌നിയെക്കൊണ്ട് എടുപ്പിച്ച് അവന്‍ തനിക്കു നേരിട്ട പീഡനവും സൈറ്റില്‍ കൊടുക്കുന്നു.

ഇതിനിടെ റോഷ്‌നി ശരത്തിനെ വിളിച്ച് ഫോണ്‍ കൈമാറുന്നു. പക്ഷേ, വരരുതെന്നും താന്‍ ചാടിപ്പോയതിനാല്‍ ശരത്തിനെയും ഒരുപക്ഷേ, മന്ത്രിയുടെ ആളുകള്‍ നോട്ടമിടുമെന്നും അവന്‍ മുന്നറിയിപ്പ് കൊടുക്കുന്നു. പകല്‍ എന്തായാലും ആശുപത്രിയില്‍ പോയേ തീരൂ എന്നും ജോബി പറയുന്നുണ്ട്.

ഇതേസമയം, താവളത്തില്‍ പാഞ്ഞെത്തുന്ന അലിക്കുഞ്ഞ് ക്ഷുഭിതനാണ്. പിഴവിന് അയാള്‍ എല്ലാവരെയും ശകാരിക്കുന്നു. നേര്‍ക്കുനിന്ന ഒരുവനെ തല്ലുന്നുമുണ്ട്.

ചെയ്യുന്നത് അബദ്ധമാണെന്നു നേരത്തേ പറഞ്ഞ പി.എ അതാവര്‍ത്തിക്കുമ്പോള്‍ അയാളോട് അലിക്കുഞ്ഞ് പൊട്ടിത്തെറിക്കുന്നു.

അയാള്‍ കിങ്കരന്മാരെയെല്ലാം ഇറക്കിവിടുന്നു. ജോബിയെ ജീവനോടെയോ കൊന്നോ കൊണ്ടുവരാതെ തിരിച്ചുവരുതെന്നും പറയുന്നു. ഇനി അവനു പിന്നാലെ പോകുന്നത് ബുദ്ധിയല്ലെന്ന് പി.എ. അലിക്കുഞ്ഞ് അതു കേട്ടതായി നടിക്കുന്നില്ല.

സീന്‍ 22
പകല്‍
ആശുപത്രി

ജോബി ആശുപത്രിയില്‍ അഡ്മിറ്റാവുന്നു. അവനെ പൊതിയുന്ന പത്രക്കാര്‍.

ഇതേസമയം, അലിക്കുഞ്ഞ് കോടതിയില്‍ കീഴടങ്ങുന്നു. കോടതി അയാളെ 15 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിിയില്‍ റിമാന്‍ഡ് ചെയ്യുന്നു.


സീന്‍ 23
വൈകുന്നേരം
ശംഖുംമുഖം

കടല്‍ത്തീരത്ത് നടക്കുന്ന ശരത്ത്. അവന്‍ അമ്മയോട് ഫോണില്‍ സംസാരിക്കുന്നു. രണ്ടു ദിവസത്തിനുള്ളില്‍ താന്‍ വീട്ടില്‍ എത്തിയിരിക്കുമെന്ന് അവന്‍ അമ്മയ്ക്ക് ഉറപ്പുകൊടുക്കുന്നു.

അവനടുത്തേയ്ക്ക് നടന്നെത്തുന്ന രാഖി കൃഷ്ണന്‍. എന്തിനാണ് കാണണമെന്നു പറഞ്ഞതെന്ന് അവന്‍ ചോദിക്കുന്നു. വെറുതെ എന്ന് അവള്‍ ആദ്യം പറയുന്നു. വെറുതെ കാണാന്‍ മാത്രം ഇത്രയും സമയം പാഴിക്കളയണോ എന്ന് അവന്‍ അരിശത്തോടെ ചോദിക്കുന്നു.

അവള്‍ ചാനല്‍ വിടാന്‍ തീരുമാനിച്ച കാര്യം പറയുന്നു. താന്‍ ശരത്തിന്റെ ചാരവനിതയാണെന്ന് ന്യൂസ് എഡിറ്റര്‍ പറഞ്ഞത് അവളെ ചൊടിപ്പിച്ചു.

അതിനൊപ്പം അവനോട് അവള്‍ക്ക് ആരാധന കലര്‍ന്ന പ്രണയമുണ്ടെന്നും ഭംഗ്യന്തരേണ വ്യക്തമാകുന്നു. എന്റെ ചുറ്റുപാട് നിനക്ക് അറിയാവുന്നതാണ്. പ്രണയമൊന്നും എന്റെ മനസ്സിലില്ല. നിനക്ക് എന്നോട് ആരാധനയുള്ളതുപോലെ തോന്നിയിട്ടുണ്ടെന്നും ആരാധനയും ഉള്ളില്‍ തട്ടിയ പ്രണയവും രണ്ടാണെന്നും രണ്ടിനും താന്‍ അര്‍ഹനല്ലെന്നും അതുപോലെ ഉള്ള ജോലി കളഞ്ഞ് തന്നെപ്പോലെ തെണ്ടാന്‍ ഇടവരുത്തരുതെന്നും അവന്‍ രാഖിയെ ഓര്‍മിപ്പിക്കുന്നു. അവന്റെ പെരുമാറ്റത്തില്‍ അവള്‍ക്ക് വിഷമവും നിരാശയുമുണ്ട്.

പുതിയ ചാനല്‍ എന്ന ആശയം പോലും തനിക്ക് ഇപ്പോഴും ദഹിച്ചിട്ടില്ലെന്നും ശരത്ത് പറയുന്നു.


സീന്‍ 24
പകല്‍
ഒരു ഹോട്ടലിലെ ഹാള്‍


സുഹൃത്തുക്കളെല്ലാമുണ്ട്. അവര്‍ ചാനല്‍ പ്രോജക്ട് ചര്‍ച്ചചെയ്യുന്നതിനാണ് കൂടിയിരിക്കുന്നത്. ആദ്യം ചാനലിന്റെ ഇപ്പോഴത്തെ ഉടമയെ പരിചയപ്പെടുത്തുന്നു. ഒരു അഴകിയ രാവണന്‍. ഗള്‍ഫിലെ വമ്പന്‍ ബിസിനസുകാരനാണ്. ചാക്കോച്ചന്‍ മുതലാളി. ചാനല്‍ നടത്താന്‍ മിടുക്കന്മാരില്ലാത്തതിനാല്‍ പൂട്ടിയതാണെന്ന് ചാക്കോച്ചന്‍. ഫെറ ലംഘന കേസില്‍ പിടിവീഴുമെന്നായപ്പോള്‍ ചാനലും പൂട്ടി സ്ഥലംവിട്ടതാണെന്നു കേട്ടിട്ടുണ്ടല്ലോ എന്ന് സുഗുണന്‍ ചോദിക്കുന്നത് ചാക്കോച്ചന് ഇഷ്ടപ്പെടുന്നില്ല.

ചാക്കോച്ചന്‍ മുതലാളി കുറേയേറെ മണ്ടത്തരങ്ങള്‍ എഴുന്നെള്ളിക്കുന്നു. അതെല്ലാം കേട്ട് ശരത്തിന് കലി വരുന്നുണ്ട്. പക്ഷേ, ജഗദീഷ് എല്ലാം സമര്‍ത്ഥമായി കൈകാര്യംചെയ്യുന്നു.

തുടര്‍ന്ന്, മുഹമ്മദ് അമീനെ ജഗദീഷ് എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്നു. ഐ.ഐ.ടി ഖരഗ്പൂരിലെ ഡ്രോപ്പൗട്ടാണ്. അവന് സാറ്റലൈറ്റ് ടെക്‌നോളജിയും നെറ്റ് ഹാക്കിംഗുമാണ് ഇഷ്ട വിനോദങ്ങള്‍. ഇന്ത്യയിലെ തന്നെ ഒരു ഒന്നാംകിട നെറ്റ് ഹാക്കര്‍ കൂടിയാണ് അമീനെന്നും പറയുന്നു. പക്ഷേ, ഹാക്ക് ചെയ്തു നശിപ്പിക്കുന്നതെല്ലാം പോണ്‍ സൈറ്റുകളും മനുഷ്യനെ നാശത്തിലേക്ക് കൊണ്ടുപോകുന്ന സൈറ്റുകളുമാണ്. നേരത്തേ എന്‍ഡിടിവില്‍ കുറച്ചുകാലം ടെക്‌നിക്കല്‍ സൈഡില്‍ ജോലി ചെയ്തിരുന്ന കാര്യവും പറയുന്നു. ചാനലിന്റെ ടെക്‌നിക്കല്‍ വിഭാഗത്തില്‍ താന്‍ അമീനെ കെട്ടിയിടുമെന്നും ജഗദീഷ് പറയുന്നു. എല്ലാവരും കൈയടിച്ച് അമീനെ സ്വാഗതം ചെയ്യുന്നു. അവന് പക്ഷേ, വലിയ ഭാവവ്യത്യാസമൊന്നുമില്ല.

ചാനലിന് തുടക്കത്തില്‍ നാലു കോടി രൂപയാണ് വേണ്ടത്. അതിന്റെ കണക്കുകള്‍ അവന്‍ പറയുന്നു. അതില്‍ ഒരു കോടി രൂപ ആദ്യം ചാക്കോച്ചന് കൊടുക്കണം. അപ്പോള്‍ ചാനലിന്റെ 30 ശതമാനം ഷെയര്‍ തരും. തുടര്‍ന്ന് ഘട്ടംഘട്ടമായി നാലു കോടി രൂപ കൊടുക്കുമ്പോള്‍ മൊത്തം ഷെയറും തരും. അതുവരെ ചെയര്‍മാന്‍ ചാക്കോച്ചന്‍. പക്ഷേ, ന്യൂസില്‍ ഇടപെടില്ല.

ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ മൂന്നുകോടി രൂപ വേണം. അതില്‍ ഒരു കോടി രൂപ താന്‍ കണ്ടെത്തിക്കഴിഞ്ഞു. ബാക്കി തുക ബാങ്ക് ലോണ്‍. ചാനല്‍ എത്രയും പെട്ടെന്ന് തുടങ്ങുക. പാര്‍ലമെന്റ് ഇലക്ഷനു മുന്‍പേ തുടങ്ങിയാല്‍ മൈലേജുണ്ടാക്കാം. ഇതാണ് പദ്ധതി.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡല്‍ഹി, ബോംബെ, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളിലും മാത്രം ആദ്യം ബ്യൂറോ. പിന്നീട് പതുക്കെ ചാനല്‍ വളര്‍ത്താം. മിനിമം സ്റ്റാഫില്‍ തുടങ്ങുക. സന്ധിയില്ലാത്ത വാര്‍ത്തകളിലൂടെ മുന്നേറാം. ഇതാണ് ജഗദീഷിന്റെ പ്‌ളാന്‍. ശരത്ത് എല്ലാം നിശ്ശബ്ദം കേട്ടിരിക്കുന്നതല്ലാതെ പ്രതികരിക്കുന്നില്ല.


സീന്‍ 25
പകല്‍
സബ് ജയില്‍

ശരത്ത് ആദ്യം ജോലി ചെയ്തിരുന്ന ചാനലിന്റെ മേധാവി ജയിലില്‍ അലിക്കുഞ്ഞിനെ കാണാനെത്തുന്നു. പുതിയ ചാനല്‍ വരുന്ന വിവരം അയാള്‍ അലിക്കുഞ്ഞിനെ ധരിപ്പിക്കുന്നു. ചാനല്‍ വരുന്ന വിവരം താന്‍ നേരത്തേ അറിഞ്ഞെന്നും അതു നടക്കാന്‍ പോകുന്നില്ലെന്നും ഒരുപക്ഷേ, നടന്നാലും അതിന്റെ നിയന്ത്രണം തന്റെ കൈയിലായിരിക്കുമെന്നും അലിക്കുഞ്ഞ് പറയുന്നു.

ചാക്കോച്ചന് പണ്ട് ഗള്‍ഫ് ബിസിനസില്‍ ഷെയര്‍ തരാത്തതിന് താന്‍ പാഠംപഠിപ്പിച്ച ദേഷ്യമുണ്ടെന്നും അലിക്കുഞ്ഞ് പറയുന്നു.


സീന്‍ 26
പകല്‍
ബാങ്ക്

ശരത്തും ജഗദീഷും മാനേജരുമായി സംസാരിക്കുന്നു. ലോണ്‍ തരുന്നതിന് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞൊഴിയുന്നു. ജഗദീഷ് ക്ഷുഭിതനാവുന്നു. ക്ഷോഭിച്ചിട്ടു കാര്യമില്ലെന്നു മാനേജര്‍. നിങ്ങളുടെ ബാങ്കിന് കല്‍ക്കട്ടയിലും ശാഖയുണ്ടെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞ് ജഗദീഷ് ഇറങ്ങുന്നു.

ശരത്ത് പുറത്തിറങ്ങി റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രൈവറ്റ് സെക്രട്ടറിയായ മലയാളി ഉദ്യോഗസ്ഥനെ വിളിക്കുന്നു. അവര്‍ തമ്മില്‍ നേരത്തേ സൗഹൃദമുണ്ട്. അയാളോട് ശരത്ത് കാര്യങ്ങള്‍ പറയുന്നു. ചാനലിന് ഇപ്പോള്‍ തന്നെ സ്ഥാവര ജംഗമ സ്വത്തുക്കളുള്ളതിനാല്‍ ലോണ്‍ തടസ്‌സമാവില്ലെന്നും പ്രോജക്ട് റിപ്പോര്‍ട്ടുമായി അയാള്‍ പറയുന്ന ബാങ്കിന്റെ മാനേജരെ പോയി കാണാനും ലോണ്‍ കിട്ടിക്കഴിഞ്ഞെന്നു കൂട്ടിക്കോളാനും പറയുന്നു.

അവര്‍ സന്തോഷത്തോടെ പുറത്തേയ്ക്ക്.


സീന്‍ 27
പകല്‍
എയര്‍പോര്‍ട്ട്

ജഗദീഷിന്റെ ഉത്തരേന്ത്യന്‍ കാമുകി എത്തുന്നു.
ഒരു അടിപൊളി പെണ്ണ്. സി.എന്‍.എനിന്റെ സൗത്ത് ഏഷ്യാ ബ്യൂറോ ചീഫാണ്. റിച്ചാ ശര്‍മ. ചണ്ഡീഗഢുകാരി.
പുതിയ ചാനലിന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനാണ് പ്രധാനമായും ജഗദീഷ് അവളെ വിളിപ്പിച്ചത്. ശരത്തിന്റെ കാറില്‍ കയറാന്‍ അവള്‍ വളരെ പാടുപെടുന്നുണ്ട്. അവളെ ജഗദീഷിനൊപ്പം ഹോട്ടലിലേക്ക് വിട്ട് ശരത്ത് യാത്രപോകുന്നു.

സീന്‍ 29
പകല്‍
ശരത്ത് നാട്ടിലെത്തുന്നു. അവനെ കണ്ട് കുശലം പറയാനും അഭിനന്ദിക്കാനും നാട്ടുകാരുടെ പ്രവാഹം. ഇനിയെന്താണ് ഞെട്ടിക്കുന്ന അടുത്ത വാര്‍ത്തയെന്ന് ചിലര്‍ ചോദിക്കുന്നു. നാട്ടിലെ അവന്റെ ബന്ധങ്ങളും സൗഹൃദങ്ങളും വെളിവാകുന്നു.

സീന്‍ 30
പകല്‍
നാട്ടുമ്പുറത്തെ ഒരു പഴയ തറവാട്
മതിലില്ലാത്ത, വിശാലമായ മുറ്റമുള്ള പഴയ വീട്

ശരത്ത് മുറ്റത്തേയ്ക്ക് കാര്‍ ഓടിച്ചുകയറ്റി നിര്‍ത്തുന്നു. വേലക്കാരി വന്ന് കതകുതുറക്കുന്നു. അവരോട് കുശലം പറഞ്ഞ് അവന്‍ അകത്തേയ്ക്ക്.

അമ്മ അസുഖബാധിതയായി കിടപ്പാണ്. അവര്‍ക്ക് ഒരുപാട് സങ്കടങ്ങള്‍ പറയാനുണ്ട്. ഇടിഞ്ഞുവീഴാറായ വീട്. അവന്‍ അവിവാഹിതനായി തുടരുന്നത്. അച്ഛന്‍ വരുത്തിവച്ചുപോയ കടങ്ങള്‍ പെരുകുന്നത്. അവന്‍ ഒന്നും പറയാതെ എല്ലാം കേട്ടിരിക്കുന്നു.

തുടര്‍ന്ന് അമ്മാവന്റെ മകളുടെ സങ്കടകഥകള്‍ പറയുന്നു (ശരത്തിന്റെ മുന്‍കാമുകി). എല്ലാം കുടിച്ചുനശിപ്പിച്ച് ഭര്‍ത്താവ് ഇപ്പോള്‍ വേറൊരു പെണ്ണുമൊത്താണ്. അവള്‍ കുട്ടികളുമായി തിരികെ വീട്ടിലേക്കു വന്നു.

***

ശരത്ത് തൊടിയിലെ മാഞ്ചുവട്ടില്‍ സിഗററ്റ് വലിച്ച് ആലോചനയില്‍ ഇരിക്കുന്നു. കാമുകിയെക്കുറിച്ചുള്ള ഓര്‍മകള്‍ അവനില്‍ സങ്കടം നിറയ്ക്കുന്നു. അമ്മാവന്റെ ഉഗ്രപ്രതാപവും അവളുമായുള്ള അടുപ്പത്തിന്റെ പേരില്‍ അവനെ അധിക്ഷേപിക്കുന്നതുമെല്ലാം ഓര്‍മയില്‍ നിറയുന്നു.


സീന്‍ 31
പകല്‍
അമ്മാവന്റെ വീട്

അമ്മാവന്‍ സ്‌ട്രോക്കായി കിടപ്പാണ്. വീട് ക്ഷയിച്ചിരിക്കുന്നു. അമ്മായി ദുഃഖത്തിലാണ്. ദുഃഖം മറച്ച് അമ്മാവന്റെ മകള്‍. കുട്ടികളും കോലംകെട്ടിരിക്കുന്നു. കാഴ്ചകള്‍ അവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. പോരാന്‍ നേരം അമ്മാവന്‍ അവനോട് ചോദിക്കുന്നു: എന്നോട് നിനക്ക് ദേഷ്യമുണ്ടോ? അവന്‍ അമ്മാവന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് ഒന്നും പറയാതെ ഇറങ്ങുന്നു.

പുറത്തേയ്ക്കു വന്ന് കാമുകിയുടെ കുട്ടികളെ അടുത്തുപിടിച്ച് അവരുടെ കൈയില്‍ കുറച്ച് നോട്ടുകള്‍ എടുത്തുകൊടുത്ത് ഇറങ്ങുന്നു. കാമുകി ഒന്നും പറയാതെ ഒരു പ്രതിമപോലെ വാതില്‍പ്പടിയില്‍...


സീന്‍ 32
പകല്‍
ചാനലിന്റെ പുതിയ ഓഫീസ്

ചാക്കോച്ചനും ജഗദീഷും കാമുകിയും ശരത്തും.
അലിക്കുഞ്ഞിന്റെ ഭീഷണി വന്നവിവരം ചാക്കോച്ചന്‍ പറയുന്നു. ചാക്കോച്ചന് അലിക്കുഞ്ഞിനെ ഭയമുണ്ട്. ചാനല്‍ പദ്ധതി ഉപേക്ഷിക്കാമെന്ന് ചാക്കോച്ചന്‍. ശരത്ത് പൊട്ടിത്തെറിക്കുന്നു. (ഏറ്റെടുത്ത ദൗത്യത്തില്‍ അവന് എത്ര ആത്മാര്‍ത്ഥതയുണ്ടെന്ന് ഈ നിമിഷത്തിലാണ് വ്യക്തമാവുന്നത്.)

ചാനലില്‍ നിന്ന് പിന്‍മാറിയാല്‍ തന്റെ സര്‍വ ബിസിനസും തുലയ്ക്കുമെന്ന് ജഗദീഷ്. ഒരു ഫോണ്‍ കോളില്‍ തീര്‍ക്കാനേ എല്ലാമുള്ളൂ എന്നും അയാളുടെ ബിസിനസിലെ ചില കള്ളത്തരങ്ങള്‍ നിരത്തി ജഗദീഷ് പറയുന്നു. അതുകേട്ട് അയാള്‍ വഴങ്ങുന്നു. അലിക്കുഞ്ഞിന്റെ ഇനിയുള്ള ജീവിതം ജയിലിലായിരിക്കുമെന്നും അയാളെ ഭയക്കാനില്ലെന്നും ശരത്ത് പറയുന്നു.


സീന്‍ 33
പകല്‍
ചാനല്‍ ഓഫീസ്

അവിടെ പലവിധ നിര്‍മാണ ജോലികള്‍ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട്.

സുഹൃത്തുക്കളെല്ലാമുണ്ട്. ചാനലിനെക്കുറിച്ചുള്ള ഫൈനല്‍ റൗണ്ട് ചര്‍ച്ചയാണ്. അതില്‍ റിച്ചയും ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ വയ്ക്കുന്നു. വന്ന ഫണ്ടെല്ലാം തീര്‍ന്നെന്നും ഇനി മുന്നോട്ടു പോകണമെങ്കില്‍ അടിയന്തരമായി കുറച്ചുപണം കൂടി വേണമെന്നും ശരത്ത് പറയുന്നു. ചാക്കോച്ചന് കൊടുത്ത ഒരുകോടി താന്‍ തിരികെ കടമായി വാങ്ങി തരാമെന്ന് റോഷ്‌നി പറയുന്നു. അതെങ്ങനെയെന്ന ചോദ്യത്തിന് അവള്‍ മറുപടി ചിരിയില്‍ ഒതുക്കുന്നു.

തുടര്‍ന്നൊരു ഗാനമാണ്. ഗാനരംഗത്തില്‍ ചാനല്‍ ഓഫീസ് പെയിന്റിടിക്കുന്നതു മുതല്‍ സ്റ്റാഫ് ഇന്റര്‍വ്യൂ തുടങ്ങി ഗാനം അവസാനിക്കുമ്പോള്‍ ചാനല്‍ ഓഫീസ് ഏതാണ്ട് സെറ്റ് ചെയ്തുകഴിയുന്നു. ഇതോടൊപ്പം റോഷ്‌നിയുടെ പ്രകടനങ്ങളില്‍ വീണുപോകുന്ന ചാക്കോച്ചനെയും കാണാം.


സീന്‍ 34
പകല്‍
ചാക്കോച്ചന്റെ ഓഫീസ് മുറി
റോഷ്‌നി മുന്നിലിരിക്കുന്നു. ചാക്കോച്ചന്‍ നോട്ടുകെട്ടുകള്‍ വാരിവയ്ക്കുന്നു. പലിശ കുറുകൃത്യമായിരിക്കണമെന്നും അയാള്‍ പറുയുന്നു. പക്ഷേ, അയാള്‍ അവളെക്കൊണ്ട് അഞ്ച് ചെക്ക് ഒപ്പിടുവിച്ച് വാങ്ങുന്നു. റോഷ്‌നി ചെറുചിരിയോടെ പണവുമെടുത്ത് പുറത്തേയ്ക്ക്. അവള്‍ ഇറങ്ങുമ്പോള്‍ അവളെ മനസ്സിലാക്കിയ മട്ടില്‍ ചാക്കോച്ചനും ചെക്കുകളില്‍ തെരുപ്പിടിച്ചുകൊണ്ട് സ്വയം ഹാസ്യഭാവം മുഖത്തുവരുത്തുന്നു.


സീന്‍ 35
ചാനല്‍ ഓഫീസ്
സ്റ്റാഫ് ക്യാമ്പ്


ചാനല്‍ തുടങ്ങാന്‍ പൂര്‍ണസജ്ജമായിക്കഴിഞ്ഞു. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ശരത്തും ജഗദീഷും സംസാരിക്കുന്നു. ഉദ്ഘാടനത്തില്‍ ഔദ്യോഗികമായി ഒരു ചടങ്ങുമുണ്ടാവില്ലെന്നും പത്രങ്ങളിലെ പരസ്യത്തിലൂടെ ചാനല്‍ നാളെ രാവിലെ പത്തുമണിക്ക് ലൈവാകുകയാണെന്നും ശരത്ത് പറയുന്നു.

തുടര്‍ന്ന് ചാനല്‍ രംഗത്തും രാഷ്ട്രീയ രംഗത്തും മറ്റുമുള്ള ചില പ്രമുഖര്‍ ക്‌ളാസെടുക്കുന്നു.

സീന്‍ 36
ചാനല്‍ ഓഫീസ്
രാത്രി

ശരത്തും കൂട്ടരും അവസാന മിനുക്കുപണികളിലാണ്. എല്ലാവരും വളരെ തിരക്കിലാണ്. രാത്രി വൈകി നാളെ രാവിലെ കാണാമെന്നു പറഞ്ഞ് എല്ലാവരും പിരിയുന്നു.


സീന്‍ 37
ചാനല്‍ ഓഫീസ്
ഉദ്ഘാടനത്തിന് സജ്ജമായ ഓഫീസ്
നിലവിളക്ക് തയ്യാര്‍
എല്ലാവരും ആകാംക്ഷയിലാണ്. ശരത്തിനെ കാണാനില്ല. അവനെ വിളിക്കുന്നു. ഫോണെടുക്കുന്നില്ല. ചിലര്‍ തിരക്കിപ്പോകുന്നു. കാര്‍ പോര്‍ച്ചിലുണ്ട്. ശരത്ത് റൂമിലില്ല. ഉദ്ഘാടന നിമിഷമെത്തുന്നു. ജഗദീഷ് കടുത്ത ടെന്‍ഷനിലാണ്. അതിലേറെ ദുഃഖത്തില്‍ രാഖി.

സമയത്ത് തന്നെ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നതിനാല്‍ ജഗദീഷ് നിലവിളക്ക് തെളിക്കുന്നു. അവന്‍ തന്നെ ലൈവില്‍ വാര്‍ത്ത വായിക്കുന്നു. ആദ്യ വാര്‍ത്ത തന്നെ ശരത്തിന്റെ മിസ്സിംഗിനെക്കുറിച്ചാണ്. അതില്‍ ശത്രുപക്ഷത്തുള്ളവര്‍, പ്രത്യേകിച്ച് അലിക്കുഞ്ഞിന്റെ ആള്‍ക്കാരാവാമെന്ന് അവന്‍ പറയുന്നു.

ആ സ്‌റ്റോറിക്ക് തുടര്‍ച്ചയായി ജോബി ലൈവില്‍ വന്ന് തന്റെ ദുരനുഭവവും അലിക്കുഞ്ഞ് ഉയര്‍ത്തിയ ഭീഷണിയും പറയുന്നു.


ഇടവേള




ശരത്തിനെ കാണാതായ സംഭവം മറ്റു ചാനലുകളിലും വാര്‍ത്തയാവുന്നു. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഇതു വാര്‍ത്തയാക്കുന്നു. ജോബിയുടെ പോര്‍ട്ടലില്‍ അതു പ്രധാന വാര്‍ത്തയാണ്.


ശരത്തിനെ കാണാതായ സംഭവം എതിര്‍ ചാനല്‍ വൈകിട്ടത്തെ ചര്‍ച്ചയാക്കുന്നു. അതില്‍ ജഗദീഷിനെയും ജോബിയേയും മറ്റും വിളിച്ച് ചര്‍ച്ച കൊഴുപ്പിക്കുന്നു. ഈ വിഷയം എതിര്‍ ചാനല്‍ അവരുടെ സ്‌റ്റോറി പോലെയാക്കി മാറ്റിയിരിക്കുന്നു.


ശരത്തിനെ സംബന്ധിച്ച വാര്‍ത്ത കിടക്കയില്‍ കിടന്നു കാണുന്ന അവന്റെ അമ്മ. അവരുടെ അടുത്ത് ശരത്തിന്റെ ബാല്യകാല കാമുകിയുമുണ്ട്. അമ്മ വാര്‍ത്ത കണ്ട് വല്ലാതെ വികാരാധീനയാവുന്നു. അവരുടെ അവശത കൂടുന്നു. അവര്‍ മകനെയോര്‍ത്ത് വിലപിക്കുന്നു. അവരെ സമാശ്വസിപ്പിക്കുന്നു ശരത്തിന്റെ ബാല്യകാല കാമുകി.


ചാനല്‍ ഓഫീസ്. മീറ്റിംഗ്. ചാക്കോച്ചനും മീറ്റിംഗിലുണ്ട്.

ഒന്നാം ദിനത്തില്‍ എന്ത് അത്ഭുതമാണ് നിങ്ങള്‍ കാട്ടിയതെന്നു ചാക്കോച്ചന്‍ ചോദിക്കുന്നു. എനിക്കു വാര്‍ത്തയെക്കുറിച്ചൊന്നും പറയാനറിയില്ല. പക്ഷേ, നമ്മുടെ ചാനലിന്റെ തലപ്പത്തുള്ളയാളെ കാണാതായ സംഭവം നമ്മളെക്കാള്‍ നന്നായി എതിരാളികള്‍ ആയുധമാക്കി. അക്കൂട്ടത്തില്‍ നമ്മുടെയാളെ നമ്മള്‍ തന്നെ ഒളിപ്പിച്ചതായി അലിക്കുഞ്ഞിന്റെ അളിയന്‍ വന്നിരുന്ന ചര്‍ച്ചിച്ചിട്ടു പോയതു കേട്ടോ എന്നും ചാക്കോച്ചന്‍ ചോദിക്കുന്നു. ചാനല്‍ പ്രവര്‍ത്തനം ബിസിനസുകൂടിയാണെന്നും അയാള്‍ ഓര്‍മിപ്പിക്കുന്നു. ജഗദീഷിനും മറ്റും ഉത്തരം മുട്ടുന്നു.

ഇന്നു പൊട്ടിക്കാന്‍ എന്തു വാര്‍ത്തയുണ്ടെന്നു ചാക്കോച്ചന്‍ ചോദിക്കുന്നു. ശംഖുംമുഖത്തെ നടപ്പാത പണിഞ്ഞതില്‍ അഴിമതി കണ്ടെത്തിയെന്ന് സുഗുണന്‍. എത്ര കോടിയുടെയെന്നു ചോക്കോച്ചന്‍. അതറിയില്ലെന്നു സുഗുണന്‍. നല്ല വാര്‍ത്ത, വൈറലാവുമെന്നു ചാക്കോച്ചന്‍. അയാള്‍ പുറത്തേയ്ക്ക്...

ശരത്തും സഹപ്രവര്‍ത്തകരും സ്വയം വിശകലനത്തില്‍. തങ്ങളുടെ ഒന്നാം ദിനം ദയനീയ പരാജയമാണെന്ന് അവര്‍ സ്വയം സമ്മതിക്കുന്നു. ശരത്ത് ഇല്ലാതെ ചാനല്‍ മുന്നോട്ടു കൊണ്ടു പോവുക എളുപ്പമല്ലെന്ന് അവര്‍ക്കു ബോധ്യമാവന്നു. മുഹമ്മദ് അമീന്‍ ഒരു കടലാസില്‍ ഒരു വിമാനത്തിന്റെ ചിത്രം വരച്ച് അശ്രദ്ധമായിരിക്കുന്നു. ഇതു കണ്ട് ജഗദീഷിന് ദേഷ്യം വരുന്നു. അവന്‍ മുഹമ്മദ് അമീനെ വഴക്കു പറയുന്നു. അവന്‍ വര നിര്‍ത്തി നിസ്സംഗം ഇരിക്കുന്നു.

ശരത്തിനെ കാണാതായിട്ട് ദിവസം ഒന്നു കഴിഞ്ഞുവെന്നും നമ്മള്‍ എന്തു ചെയ്തുവെന്നും രാഖി പൊട്ടിത്തെറിക്കുന്നു. ജഗദീഷിനും ഉത്തരം മുട്ടിപ്പോകുന്നു. ഇന്നു തന്നെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യണമെന്നും മുഖ്യമന്ത്രിക്കു നിവേദനം കൊടുക്കണമെന്നും നമ്മുടെ വഴിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകണമെന്നും രാഖി ശഠിക്കുന്നു.

ബ്രേക്കിംഗ് ന്യൂസിനായായി റിച്ച ഒരു ആശയം വയ്ക്കുന്നു.
മന്ത്രിയുടെ അവിഹിതത്തിന്റെ ഒരു സിഡി ശരത്തിന്റെ പക്കലുണ്ടായിരുന്നല്ലോ. അതു പുറത്തുവിടാന്‍ അവള്‍ പറയുന്നു. അയാള്‍ ശവമായില്ലേ, അയാളെ ഇനിയാര്‍ക്കു വേണമെന്നു ജഗദീഷ്. റിച്ചയ്ക്ക് അത് ഇഷ്ടമാവുന്നില്ല. മൂന്നു മണിക്കൂറിനുള്ളില്‍ കത്തുന്ന വാര്‍ത്തകളുമായിട്ടല്ലാതെ റിപ്പോര്‍ട്ടര്‍മാര്‍ ആരും തിരികെ വന്നുപോകരുതെന്ന് ജഗദീഷ് എല്ലാവരോടുമായി കയര്‍ത്തു പറയുന്നു. മീറ്റിംഗില്‍ അസ്വസ്ഥരായി എല്ലാവരും...

മീറ്റിംഗ് റൂമിലെ ടിവി സ്‌ക്രീനില്‍ ഇംഗ്‌ളീഷ് ചാനലില്‍ ഫ്‌ളാഷ് വരുന്നു. മംഗലാപുരത്ത് വിമാനാപകടം. യാത്രാവിമാനം തകര്‍ന്നു. നിരവധി മരണമെന്നു സംശയമെന്നു വാര്‍ത്ത. ഗള്‍ഫില്‍ നിന്നു വന്ന വിമാനമാണ്. നിരവധി മലയാളികളുമുണ്ട്. അമീനാണ് ഇക്കാര്യം ആദ്യം ശ്രദ്ധിക്കുന്നത്.
ഹേ... പ്‌ളെയിന്‍ ക്രാഷ്... എന്നു വിളിച്ചുകൊണ്ട് അവന്‍ പുറത്തേയ്ക്ക് ഓടുന്നു. പെട്ടെന്ന് എല്ലാവരും ബോദ്ധ്യത്തിലേക്കു വരുന്നു. മീറ്റിംഗ് അവസാനിപ്പിച്ച് എല്ലാവരും ന്യൂസ് റൂമിലേക്ക്...


വിമാനാപകട വാര്‍ത്തയ്ക്കായി എല്ലാവരും ലഭ്യമായ വഴികള്‍ നോക്കുന്നു. തത്കാലം ഇംഗ്‌ളീഷ് ചാനലിനെ കോപ്പി ചെയ്തു വാര്‍ത്ത കൊടുക്കുന്നു. പഴയ അപകടങ്ങളുടെ വിഷ്വലുകള്‍ യൂ ട്യൂബില്‍ നിന്ന് എടുക്കുന്നു. ഇതു കണ്ടാല്‍ ജനം ചിരിക്കുമെന്ന് റിച്ച. അവള്‍ ഡല്‍ഹിയിലെ സുഹൃത്തുക്കളെ വിളിച്ചു വിവരങ്ങള്‍ ശേഖരിക്കുന്നു. കാര്യമായി ഒന്നും കിട്ടുന്നില്ല. കിട്ടിയ വിവരങ്ങള്‍ ജഗദീഷ് ലൈവില്‍ കയറി അവതരിപ്പിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നു. നമുക്കു ബ്യൂറോ ഇല്ലാത്തതിന്റെ കുറ്റം ചിലര്‍ സ്വയം പറയുന്നു.

അമീന്‍ സ്വന്തം കംപ്യൂട്ടറില്‍ കുറേ നേരമായി പണിയിലാണ്. പെട്ടെന്ന് അവന്‍ എന്തോ നേടിയതിന്റെ സന്തോഷത്തില്‍ അലറിവിളിച്ച് ചാടിയെഴുന്നേല്‍ക്കുന്നു. എന്‍ഡിടിവിയുടെ ഒബി വാനില്‍ നിന്നുള്ള ലൈവ് ഫീഡ് അവന്‍ ഹാക്ക് ചെയ്‌തെടുത്തിരിക്കുന്നു. എന്‍ഡിറ്റിവിയുടെ റിപ്പോര്‍ട്ടര്‍ വിഷ്വലില്‍ വരുന്ന ഭാഗം ഒഴിവാക്കി അവന്‍ ഫീഡ് കൊടുക്കുന്നു. എല്ലാവരും അമ്പരക്കുന്നു.


ശരത്തിന്റെ ചാനലിലെ വിഷ്വല്‍ കണ്ട് അവര്‍ അമ്പരക്കുന്നു. സ്വന്തം ഓഫീസും രണ്ടു റിപ്പോര്‍ട്ടര്‍മാരും നമുക്കു മംഗലാപുരത്തുണ്ടായിട്ടും ഇതു റിപ്പോര്‍ട്ടു ചെയ്യാന്‍ കഴിയാതെ വന്നത് ക്ഷീണമായി അവര്‍ കാണുന്നു. നിവൃത്തിയില്ലാതെ ശരത്തിന്റെ ചാനലിന്റെ വാട്ടര്‍മാര്‍ക്കുള്ള വിഷ്വലുകള്‍ അവര്‍ കാണിക്കുന്നു.

മുഖ്യമന്ത്രിയെ കണ്ട് നിവേദനം കൊടുക്കുന്ന രാഖിയും മറ്റു സുഹൃത്തുക്കളും. ജഗദീഷിന്റെ നടപടികളില്‍ അവര്‍ അതൃപ്തരാണ്. മുഖ്യമന്ത്രിയെ കാണാന്‍ വരാന്‍ ജഗദീഷ് കൂട്ടാക്കാത്തതിലും അവര്‍ക്ക് അതൃപ്തിയുണ്ട്. ശരത്ത് ഇല്ലാത്തതാണ് ജഗദീഷിനു സൗകര്യമെന്നു തോന്നുന്നതായി രാഖി. രാഖിക്ക് ഫോണ്‍ വരുന്നു. ശരത്തിന്റെ അമ്മ മരിച്ചു. അവര്‍ എല്ലാവരും ചേര്‍ന്നു ശരത്തിന്റെ നാട്ടിലേക്കു പോകുന്നു.

ശരത്തിന്റെ വീട്. ശരത്തിന്റെ അസാന്നിദ്ധ്യത്തില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍. ചിതയ്ക്കു ശരത്തിന്റെ കാമുകിയുടെ മകന്‍ തീ കൊളുത്തുന്നു. എല്ലാം കഴിയുമ്പോള്‍ എത്തുന്ന ജഗദീഷ്. അവനോടു മറ്റുള്ളവര്‍ക്ക് അതൃപ്തിയേറുന്നു.

ശരത്തിനെ കണ്ടെത്താനാവാതെ വരുന്നതോടെ പൊലീസ് വിഷമവൃത്തത്തിലാവുന്നു. മുഖ്യമന്ത്രിക്കു മുന്നില്‍ നിവേദനവുമായി വീണ്ടും മാധ്യമപ്രമവര്‍ത്തകര്‍. തലസ്ഥാനത്ത് അവര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നു.  ഡിജിപിയെ വിളിച്ചു ശകാരിക്കുന്ന മുഖ്യന്ത്രി. ശരത്തിനെ ട്ടിക്കൊണ്ടു പോയത് അലിക്കുഞ്ഞിന്റെ ആളുകള്‍ തന്നെയാവുമെന്നും ജയിലില്‍ കിടക്കുന്ന അയാളെ എങ്ങനെ പ്രതിയാക്കുമെന്നുമുള്ള ധര്‍മസങ്കടത്തിലാണ് ഡിജിപി.

ജയിലിലെത്തി അലിക്കുഞ്ഞിനെ കാണുന്ന ഡിജിപി. മന്ത്രിയായിരുന്നപ്പോള്‍ നിങ്ങള്‍ക്കു വേണ്ടി ഒരുപാടു വിടുപണികള്‍ ചെയ്തയാളെന്ന നിലയില്‍ സഹായം ചോദിക്കുകയാണ്. ശരത്തിനെ വിട്ടുതരണം. എന്റെ തൊപ്പി തെറിക്കുന്ന ഘട്ടമാണ്. ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്നു പറയുന്ന ഡിജിപി. അലിക്കുഞ്ഞ് കൈമലര്‍ത്തുന്നു. ശരത്തിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും അവനെ തട്ടിക്കൊണ്ടു പോയതില്‍ ഒരു പങ്കുമില്ലെന്നും അലിക്കുഞ്ഞ് തറപ്പിച്ചു പറയുന്നു. വലിയൊരു മഞ്ഞുമലയുടെ അറ്റമാണ് ശരത്ത് വാര്‍ത്തയിലൂടെ പുറത്തുകൊണ്ടുവന്നത്. അവന്‍ വലിച്ചു പുറത്തിട്ട വാര്‍ത്തയ്ക്കു രാജ്യാന്തരമാനങ്ങളുണ്ട്. അവനെ അതിലാരെങ്കിലും അവസാനിപ്പിച്ചതാകാമെന്നു അലിക്കുഞ്ഞ് പറയുന്നു.

ശരത്തിനായി ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തുന്നുണ്ട് അവന്റെ ബാല്യകാലസഖി. അവരുടെ നാട്ടിലെ എംഎല്‍എയെ കണ്ട് അവള്‍ സഹായം ചോദിക്കുന്നു. ഇതു വലിയ ആളുകള്‍ കളിക്കുന്ന ഗെയിമാണെന്നും തന്നെപ്പോലൊരു ചെറുമീനിന് അവിടെ ഒരു സ്ഥാനവുമില്ലെന്നും എങ്കിലും എന്റെ വോട്ടര്‍ എന്ന നിലയില്‍ നിയമസഭയില്‍ വിഷയമുന്നയിക്കാമെന്നും എംഎല്‍എ പറയുന്നു.

ഒരു പ്രഭാതത്തില്‍ വേളി കായലിനടുത്തുള്ള പൊന്തക്കാട്ടില്‍ ശരത്തിനെ അബോധാവസ്ഥയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നു. പൊലീസ് എത്തി ശരത്തിനെ ആശുപത്രിയിലേക്കു മാറ്റുന്നു. അവന്‍ മരണാസന്നനാണ്. ചാനലുകളില്‍ വീണ്ടും ശരത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നു. ദുരൂഹതയുണ്ടെന്നും അതു നീക്കാനുള്ള ശ്രമത്തിലാണെന്നും ശരത്തിനു ബോധം വീണ്ടുകിട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്നും സിറ്റി പൊലീസ്. കമ്മിഷണര്‍ മാധ്യമങ്ങളോടു പറയുന്നു. തലയ്ക്കു കനത്ത ക്ഷതമുണ്ടെന്നും കമ്മിഷണര്‍ പറയുന്നു.

ശരത്തിന്റെ തിരിച്ചുവരവ് അവന്റെ ചാനലിലെ പ്രവര്‍ത്തകരെ കൂടുതല്‍ ദുഃഖത്തിലാഴ്ത്തുന്നു. രാഖി ആശുപത്രിയില്‍ തന്നെ ശരത്തിന്റെ കാര്യങ്ങള്‍ നോക്കുന്നതിനായി നില്‍ക്കുന്നു. അവളോടു ഡ്യൂട്ടിക്കു പോകാനും ശരത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ താന്‍ ആളെ ഏര്‍പ്പെടുത്താമെന്നും ജഗദീഷ് പറയുന്നു. രാഖി അനുസരിക്കുന്നില്ല. ജഗദീഷിനു ദേഷ്യം വരുന്നു. അവളെ സസ്‌പെന്‍ഡ് ചെയ്യുമെന്നു പറയുന്നു. കൃത്യമായി ശമ്പളം പോലുമില്ലാത്ത ഈ ജോലിയില്‍ വലിയ കൗതുകമില്ലെന്നും സസ്‌പെന്‍ഡ് ചെയ്യാനും അവള്‍ പറുന്നു. ജഗദീഷ് ക്ഷുഭിതനായി പുറത്തേയ്ക്ക്. ശരത്തിന്റെ ബാല്യകാല തോഴി എത്തുന്നു. അവള്‍ രാഖിക്കൊപ്പം ചേരുന്നു. ശരത്ത് ഐസിയുവിലാണ്. അവന്റെ നില ഗുരുതരമായി തുടരുകയാണ്.

വിചാരിച്ചതുപോലെ ചാനലിനു ചലനമുണ്ടാക്കാനാവുന്നില്ല. ഉടമ്പടി പ്രകാരം തനിക്കു കിട്ടേണ്ട ആദ്യമാസ ഗഡു പോലും തന്നിട്ടില്ലെന്നും ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നും ചാക്കോച്ചന്‍ പറയുന്നു. ജഗദീഷിന് ഉത്തരം മുട്ടുന്നു. ബാങ്ക് ലോണിന്റെ രണ്ടാം ഗഡു കിട്ടുന്നതിനു സാങ്കേതിക തടസ്സങ്ങളുണ്ടാവുന്നു. ജീവനക്കാര്‍ക്ക് ശമ്പളം ആദ്യമാസം തന്നെ പകുതി വീതം മാത്രമാണ് നല്കാനാവുന്നത്. ചാനലിലെ ജീവനക്കാരാകെ അസ്വസ്ഥരാണ്. എല്ലാവരെയും സമരസപ്പെടുത്തി കൊണ്ടുപോകാന്‍ ജഗദീഷിനു കഴിയുന്നുമില്ല.

ഇതേസമയം തന്നെ ചാനലിനു കടം കൊടുത്ത മാര്‍വാഡികള്‍ എത്തുന്നു. അവരും ഭീഷണി മുഴക്കുന്നു. അവരെയും വേണ്ടവിധം നേരിടാന്‍ ജഗദീഷിനു കഴിയുന്നില്ല.

ആശുപത്രിയില്‍ ശരത്ത് അപകടനില തരണം ചെയ്യുന്നു. സ്‌കാനിംഗില്‍ തലയ്ക്കു ക്ഷതം കാര്യമായുണ്ടെന്നും അതു ചലനശേഷിയേയും ബാധിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശരത്ത് മലയാള ജേര്‍ണലിസത്തിന് ഒരു മുതല്‍ക്കൂട്ടാണെന്നും അയാളെ എങ്ങനെയും ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടു വരിക തന്നെ തചെയ്യുമെന്നും ധൈര്യമായിരിക്കാനും സഹപ്രവര്‍ത്തകര്‍ക്കു വാക്കുകൊടുക്കുന്ന ചീഫ് ഡോക്ടര്‍.

ചാനല്‍ പ്രതിസന്ധിയിലാണെന്നു ജീവനക്കാര്‍ക്കിടയില്‍ സംസാരം വരുന്നു. പ്രമുഖരായ ചിലര്‍ മറ്റു ചാനലുകളിലേക്കു പോകുന്നതിനെക്കുറിച്ചു ചര്‍ച്ച ആരംഭിക്കുന്നു. ഒരു വിഭാഗത്തിനു ശരത്ത് വന്നാല്‍ എല്ലാം ശരിയാകുമെന്ന നിലപാടാണ്. പക്ഷേ, പണത്തിനു പണം തന്നെ വേണ്ടേ എന്നു എതിരഭിപ്രായക്കാര്‍ ചോദിക്കുന്നു.

ശരത്തിനെ റൂമിലേക്കു മാറ്റുന്നു. അവന്റെ റൂമിനു പുറത്ത് പൊലീസ് കാവലുണ്ട്. അവന്‍ ജീവച്ഛവമായ അവസ്ഥായാണ്. അവനോടു വിവരങ്ങള്‍ തിരക്കിയറിയാനുള്ള പൊലീസിന്റെ ശ്രമം വിജയിക്കുന്നില്ല. ശരത്തിനെ ഇപ്പോള്‍ ശല്യപ്പെടുത്തരുതെന്ന് രശ്മി പൊലീസിനോടു പറയുന്നു. തങ്ങള്‍ ഡ്യൂട്ടി മാത്രമാണ് ചെയ്യുന്നതെന്നു പൊലീസ്.

മുഖ്യമന്ത്രിക്കു നേരിട്ടു പങ്കുള്ള ഒരു അഴിമതിയുടെ സ്‌റ്റോറി രശ്മി കൊണ്ടുവരുന്നു. അത് എയര്‍ ചെയ്യാന്‍ ജഗദീഷ് വിസമ്മതിക്കുന്നു. എഡിറ്റര്‍മാരില്‍ വലിയൊരു പങ്ക് രശ്മിക്കൊപ്പം നില്‍ക്കുന്നു. ചാനലിനു നല്ല മൈലേജുണ്ടാക്കാന്‍ ഈ സ്‌റ്റോറി സഹായിക്കുമെന്നു ഭൂരിപക്ഷ അഭിപ്രായം. ഇപ്പോള്‍ മുഖ്യമന്ത്രിയെ പിണക്കാന്‍ കഴിയില്ലെന്നു ജഗദീഷ് കട്ടായം പറയുന്നു. മുഖ്യമന്ത്രി നമ്മുടെ ചാനലിന് ഉപദ്രവമല്ലാതെ എന്തു സഹായം ചെയ്തുവെന്നു ചോദിക്കുന്ന മറ്റുള്ളവര്‍. എന്തുതന്നെയായാലും താന്‍ ഹെഡായിരിക്കുന്ന കാലത്തോളം ഇതു കൊടുക്കാനാവില്ലെന്നു ജഗദീഷ്. ഇതുപോലൊരു വാര്‍ത്ത കൊടുക്കാതെപോയതിന്റെ പേരിലാണ് ഈ ചാനല്‍ ഉണ്ടായതെന്ന് ഓര്‍മ വേണമെന്നു രശ്മി. വാഗ്വാദം വലിയ തലത്തിലേക്ക് എത്തുന്നു. പ്രമുഖരായ നാലഞ്ചു പേര്‍ ഒരുമിച്ചു രാജി പ്രഖ്യാപിക്കുന്നു. ജഗദീഷ് കുലുങ്ങുന്നില്ല. രശ്മി ആശുപത്രിയിലേക്കു പോകുന്നു. ചാനല്‍ കൂടുതല്‍ കുഴപ്പത്തിലേക്കാവുന്നു. മിനിമം സ്റ്റാഫുമായി തുടങ്ങിയ തങ്ങള്‍ക്ക് ഈ അഞ്ചു പേരുടെ രാജി താങ്ങാനാവില്ലെന്നു മറ്റു ചിലര്‍ ജഗദീഷിനെ ഓര്‍മിപ്പിക്കുന്നു. അവന്‍ വഴങ്ങുന്നില്ല. ഉള്ളവര്‍ കൂടുതല്‍ സമയം ജോലി ചെയ്തു തത്കാലം പ്രതിസന്ധി മറികടക്കാനാണ് അവന്റെ നേര്‍ദ്ദേശം.

ആശുപത്രിയില്‍ ശരത്തിനെ കാമുകിയും രശ്മിയും ചേര്‍ന്നു ശുശ്രൂഷിക്കുന്ന രംഗങ്ങളില്‍ തുടങ്ങുന്ന വികാരര്‍ദ്രമായ ഒരു ഗാനം. ഗാനത്തിന്റെ വികാസത്തിനൊപ്പം ശരത്ത് ആശുപത്രി വിട്ട് ഫ്‌ളാറ്റിലേക്ക് എത്തുന്നു. അവിടെ അവനെ പതുക്കെ ജീവിതത്തിലേക്കു പിടിച്ചു കയറ്റുന്ന സഹപ്രവര്‍ത്തകര്‍. ഗാനം അവസാനിക്കുമ്പോള്‍ ശരത്ത് വീല്‍ ചെയറിലാണ്.


ശരത്ത് ചാനലിനെക്കുറിച്ച് സഹപ്രവര്‍കരോടു ചോദിക്കുന്നു. ആര്‍ക്കും നല്ല കാര്യങ്ങളല്ല പറയാനുള്ളത്. ശരത് ദുഃഖിതനാവുന്നു. മുഖ്യമന്ത്രിയുടെ സ്റ്റോറിയെക്കുറിച്ചു രശ്മി പറയുന്നു. അതു കൊടുക്കാത്ത കാര്യം അറിയുമ്പോള്‍ ശരത് ക്ഷുഭിതനാവുന്നുണ്ട്. ശരത് ഫോണെടുത്ത് ജഗദീഷിനെ വിളിക്കുന്നു. അവന്‍ ഫോണെടുക്കുന്നില്ല. ശരത് ആരോഗ്യം വീണ്ടെടുക്കാന്‍ തുടങ്ങിയതില്‍ പിന്നെ ജഗദീഷ് കാണാന്‍ വന്നിട്ടില്ലെന്ന് രാഖി ഓര്‍മിപ്പിക്കുന്നു. തത്കാലം കാത്തിരിക്കാന്‍ ശരത് പറയുന്നു.

ശരത്തിനെ കാണാന്‍ മുഖ്യമന്ത്രി എത്തുന്നു. ആരോഗ്യനില ശരിയല്ലാത്തതിനാലാണ് ആശുപത്രിയില്‍ വരാതിരുന്നതെന്നും ശരത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നു താന്‍ പ്രഖ്യാപിച്ചിരുന്ന കാര്യവും മുഖ്യമന്ത്രി ഓര്‍മിപ്പിക്കുന്നു. ശരത്തിനെ പോലുള്ള ജേര്‍ണലിസ്റ്റുകളെയാണ് നാടിന് ആവശ്യമെന്നും മുഖ്യമന്ത്രി പറയുന്നു. പോകാന്‍ നേരം ശരത് മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ത്ഥന നടത്തുന്നു. തനിക്ക് മുഖ്യമന്ത്രിയുടെ ഒരു അഭിമുഖം വേണം. അതു ലൈവായി ചെയ്യണം. ചാനലില്‍ താന്‍ തിരിച്ചെത്തിയിട്ടു മതിയെന്നും ശരത് പറയുന്നു. മുഖ്യമന്ത്രി സന്തോഷത്തോടെ അത് അംഗീകരിക്കുന്നു.

ചാനലില്‍ നിന്നു രാജിവച്ചവരെ ശരത് വിളിക്കുന്നു. അവരെല്ലാം ശരത് വന്നാല്‍ കൂടെ നില്ക്കാമെന്നു പറയുന്നു. താന്‍ വരുന്നതിനു മുന്‍പു തന്നെ അവരെ ജോലിക്കു കയറാന്‍ ശരത് നിര്‍ബന്ധിക്കുന്നു. അതു ജഗദീഷിന് ഇഷ്ടമാവില്ലെന്നു സഹപ്രവര്‍ത്തകര്‍. ചീഫ് എഡിറ്റര്‍ താനാണെന്നും താന്‍ പറയുന്ന വാക്കാണ് എഡിറ്റോറിയല്‍ കാര്യത്തില്‍ നടപ്പിലാവുകയെന്നും ശരത് പറയുന്നു. അവര്‍ വഴങ്ങുന്നു.

അവര്‍ പോയിക്കഴിയുമ്പോള്‍ ജോബി എത്തുന്നു. ജോബിയുമായി ശരത് എന്തൊക്കെയോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഫോണില്‍ ചില ക്‌ളിപ്പിംഗുകള്‍ ജോബി കാണിച്ചുകൊടുക്കുന്നുമുണ്ട്. അതെന്തൊക്കെയെന്ന് നാമറിയുന്നില്ല.

മാര്‍വാഡി വിളിച്ചു നാളെ രാവിലെ ആളെത്തുമെന്നും പണം തരണമെന്നും ആവശ്യപ്പെടുന്നു. സാവകാശം വേണമെന്നു ശരത്. നടപ്പില്ലെന്നു മാര്‍വാഡി. കള്ളപ്പണ നിയമപ്രകാരം മാര്‍വാഡിയെ അകത്താക്കുമെന്നു  ശരത്. എന്നാല്‍ നിന്റെ ഫോണില്‍ ഒരു ചിത്രം അയച്ചിട്ടുണ്ട്. അതൊന്നു നോക്കാന്‍ മാര്‍വാഡി പറയുന്നു. ശരത് വാട്‌സ് ആപ് തുറന്നു നോക്കുന്നു. അത് അവന്റെ സഹോദരിയുടെ ചിത്രമാണ്. അവന്‍ നടുങ്ങുന്നു. മാര്‍വാഡി വീണ്ടും വിളിക്കുന്നു. പെങ്ങള്‍ പോണ്ടിച്ചേരിയിലല്ലേ മെഡിസിനു പഠിക്കുന്നത്, അവളെ ഇങ്ങു പൊക്കുമെന്നു മാര്‍വാഡിയുടെ ഭീഷണി. അവന്‍ സ്തബ്ധനാവുന്നു.

അതിരാവിലെ മാര്‍വാഡിയുടെ ആളുകള്‍ വന്ന് ചാനലില്‍ നിന്നു പിസിആറിലെയും മറ്റും സാധനങ്ങള്‍ എടുത്തുകൊണ്ടു പോകുന്നു. എതിര്‍ക്കാന്‍ നോക്കുന്നവരെ അവര്‍ ഭീഷണിപ്പെടുത്തുന്നു. രംഗങ്ങള്‍ പകര്‍ത്താന്‍ നോക്കുന്ന കാമറാമാനില്‍ നിന്നു കാമറ തന്നെ അവര്‍ പിടിച്ചുവാങ്ങുന്നു. ജഗദീഷ് എത്തിയിട്ടില്ല. ജഗദീഷിനെ വിളിച്ചു കാര്യങ്ങള്‍ പറയുന്ന സെക്യൂരിറ്റി. അവന്‍ ഒന്നും ചെയ്യാനാവാതെ ഫോണ്‍ താഴെവച്ച് ആലോചനയില്‍ ഇരിക്കുന്നു.

ശരത് ഓഫീസിലേക്ക് എത്തുന്നു. വീല്‍ ചെയറിലാണ് വരുന്നത്. ഓഫീസ് മൂകമാണ്. ചാനല്‍ ഓഫ് എയറാണ്. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുന്ന ടീം. ശരത് എല്ലാവരെയും വിളിച്ചു സംസാരിക്കുന്നു. കാര്യങ്ങളുടെ നിജസ്ഥിതിയും ചാനല്‍ എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴവും വെളിവാകുന്നു. ട്രാന്‍സ്‌പോണ്ടറിന്റെ ഗഡു അടച്ചിട്ടില്ലെന്നും നാലു ദിവസത്തിനുള്ളില്‍ ചാനല്‍ ഓഫ് എയര്‍ ആകുന്ന സ്ഥിതിയായിരുന്നുവെന്നും ഇപ്പോള്‍ അതിനു മുന്നേ മാര്‍വാഡി തന്നെ എല്ലാം പൂട്ടിച്ചെന്നും ഫിനാന്‍സ് മാനേജര്‍ പറയുന്നു. മീറ്റിംഗ് കഴിയുമ്പോള്‍ അമീന്‍ എഴുന്നേല്‍ക്കുന്നു. തത്കാലം മൈക്ക് സെറ്റു കാരുടെ അടുത്തുനിന്നു അത്യാവശ്യം ആംപ്‌ളിഫയറും മറ്റുമായി കുറച്ചു സാധനങ്ങള്‍ കിട്ടിയാല്‍ ചാനല്‍ ലൈവാക്കാനാവുമോ എന്നു ശ്രമിക്കാമെന്നു അമീന്‍. ശരത്തിനു വിശ്വാസം വരുന്നില്ല. അമീന് കഴിയുമെന്നു രശ്മി.

മൈക്ക് സെറ്റുകാരുടെ ഉപകരണങ്ങള്‍ ഒരു പിക്കപ്പില്‍ കൊണ്ടുവരുന്നു. അവ ഏപോപിപ്പിച്ച് അമീന്‍ ചാനലിനെ ലൈവാക്കുന്ന ദൃശ്യങ്ങളുടെ ഒരു മൊണ്ടാഷ്. ചാനല്‍ വീണ്ടും ആഹ്‌ളാദഭരിതമാവുന്നു. ശരത് വരുന്നതോടെ ടീമിന് നഷ്ടപ്പെട്ട ഉന്മേഷം കൈവരുന്നു. ജഗദീഷിനെ ശരത് ഫോണില്‍ വിളിക്കുന്നു. അവന്‍ ഫോണ്‍ എടുക്കുന്നില്ല.

കേരളത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അവയവ കച്ചവടത്തിന്റെ ഒരു സ്‌റ്റോറി ജോബി കൊണ്ടുവരുന്നു. അതു ശരത് കുറച്ചുകൂടി വിപുലീകരിച്ചു വാര്‍ത്തയാക്കുന്നു. അതു വൈകുന്നേരത്തോടെ വലിയ ചര്‍ച്ചയായി മാറുന്നു. മുഖ്യമന്ത്രിയുടെ അഴിമതിയെക്കുറിച്ചുള്ള വാര്‍ത്ത കൊടുക്കുന്നതിനെക്കുറിച്ചു രാഖി ചോദിക്കുന്നു. അതിന് കുറച്ചു സമയം കൂടി വേണമെന്നും അതിനായി ഗ്രൗണ്ട് ഒരുക്കേണ്ടതുണ്ടെന്നും ശരത് പറയുന്നു.

ശരത്തിന്റെ വരവോടെ ചാനല്‍ തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുവെന്നു മറ്റു ചാനലുകളില്‍ ചര്‍ച്ചയാവുന്നു.

40 ലക്ഷം രൂപ അടിയന്തരമായി കിട്ടിയില്ലെങ്കില്‍ ചാനല്‍ ഓഫ് എയര്‍ ആകുമെന്നു ഫിനാന്‍സ് മാനേജര്‍ പറയുന്നു. ശരത് വീല്‍ ചെയറില്‍ പോയി ചാക്കോച്ചനെ കാണുന്നു. ചാക്കോച്ചന്‍ കൈമലര്‍ത്തുന്നു. ചാനലിനുവേണ്ടി ഇറങ്ങി തന്റെ മറ്റ് ബിസിനസുകള്‍ കൂടി ശത്രുക്കള്‍ പൂട്ടിക്കുന്ന സ്ഥിതിയാണെന്നും ഉടമ്പടി പ്രകാരമുള്ള പണം തന്നില്ലെങ്കില്‍ താന്‍ തന്നെ ചാനല്‍ പൂട്ടിക്കുമെന്നും ചാക്കോച്ചന്‍ പറയുന്നു. ശരത് നിസ്സഹായനായി മടങ്ങുന്നു.

ശരത്തും ജോബിയും തമ്മില്‍ ചര്‍ച്ചയിലാണ്. മുഖ്യമന്ത്രിയുടെ അഭിമുഖം ഇനി വൈകിക്കേണ്ടെന്നും ചാനല്‍ ഓഫ് എയര്‍ ആയിപ്പോകുന്ന സ്ഥിതി വരില്ലെന്നു പറയാനാവില്ലെന്നും ശരത് പറയുന്നു. ഒരുക്കങ്ങള്‍ വേഗം വേണമെന്നു ശരത് പറയുന്നു. സമയം കുറവാണ്, എന്നാലും ശ്രമിക്കാമെന്നു ജോബി പറയുന്നു.

ശരത് മുഖ്യമന്ത്രിയുടെ പിഎസിനെ വിളിച്ച് അഭിമുഖത്തിനു സമയം നിശ്ചയിക്കുന്നു. മുഖ്യമന്ത്രിയുടെ തിരക്കുകള്‍ നിമിത്തം സമയം ചാനല്‍ ഓഫ് എയര്‍ ആയേക്കുമെന്നു പറയുന്ന ദിവസം രാവിലെ പത്തു മണിക്കാണ് കിട്ടുന്നത്. മനസ്സില്ലാ മനസ്സോടെ ശരത് സമ്മതിക്കുന്നു.

ജഗദീഷ് ഡല്‍ഹിയില്‍ നിന്നു മറ്റൊരു ചാനലിനു വേണ്ടി റിപ്പോര്‍ട്ടു ചെയ്യുന്ന ദൃശ്യം. എല്ലാവരും അമ്പരക്കുന്നു. ശരത്തില്‍ വലിയ ഭാവമാറ്റങ്ങളില്ല. അവന്‍ ആ ദൃശ്യം ചിരിച്ചു തള്ളുന്നു. അവന്‍ ഇതു പ്രതീക്ഷിച്ചിരുന്നതാണെന്നു വ്യക്തമാവുന്നു.

മുഖ്യമന്ത്രിയുടെ ഇന്റര്‍വ്യൂവിന്റെ പ്രൊമോ തയ്യാറാക്കുന്ന ശരത്. ആ ഇന്റര്‍വ്യൂ എന്തോ വലിയ സംഭവത്തിലേക്കുള്ള വാതില്‍ തുറക്കലാണെന്നു നാം മനസ്സിലാക്കുന്നു. അത്തരത്തിലാണ് പ്രൊമോ ഒരുക്കുന്നത്.

ശരത് ജീവനക്കാരുടെ യോഗം വിളിക്കുന്നു. ചാനല്‍ പ്രതിസന്ധിയിലാണെന്നും ട്രാന്‍സ്‌പോണ്ടറിനു പണം കണ്ടെത്താനുള്ള ശ്രമമൊന്നും വിജയിക്കുന്നില്ലെന്നും എല്ലാവരും ഒരുമിച്ചു നിന്നാല്‍, ചിലപ്പോള്‍ അതിജീവിക്കാനായേക്കുമെന്നും ആര്‍ക്കെങ്കിലും പിരിഞ്ഞു പോകണമെങ്കില്‍ പോകാമെന്നും ശരത് പറയുന്നു. രണ്ടുമൂന്നു പേര്‍ പ്രാരബ്ധങ്ങള്‍ പറുന്നു. അവരോടു മറ്റൊരു ജോലി നോക്കാനും എന്നെങ്കിലും ഈ ചാനല്‍ രക്ഷപ്പെട്ടാല്‍ നിങ്ങള്‍ക്കു തിരിച്ചു വരാമെന്നും ശരത് പറയുന്നു.

രാഖി അവളുടെ കുടുംബവീട് പണയം വച്ചു കാശെടുക്കാമെന്നു പറയുന്നു. വസ്തുവച്ചു ലോണെടുക്കുക പത്തിരുപതും ദിവസമെങ്കിലും എടുക്കുന്ന പ്രക്രിയയാണെന്നും അതിനു സമയമില്ലെന്നും ശരത് പറയുന്നു. അല്ലെങ്കിലും എന്തു ധൈര്യത്തിലാണ് നീ ഈ മുങ്ങുന്ന കപ്പലില്‍ പണമെറിയുന്നതെന്നും അവന്‍ ചോദിക്കുന്നു. കപ്പിത്താന്‍ കപ്പല്‍ കരയ്ക്കടുപ്പിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നു രാഖി പറയുന്നു.

മന്ത്രി അലിക്കുഞ്ഞ് ജാമ്യം നേടി പുറത്തിറങ്ങുന്നു. അതു റിപ്പോര്‍ട്ടു ചെയ്യാനെത്തുന്ന ചാനലുകള്‍. ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് അയാള്‍ക്കു പുച്ഛമാണ്. കാറില്‍ കയറുന്ന അലിക്കുഞ്ഞിന് ശരത്തിന്റെ ചാനലിന്റെ റിപ്പോര്‍ട്ടറെ സഹായി കാട്ടിക്കൊടുക്കുന്നു. ചാനല്‍ പൂട്ടിച്ച് അവനെയൊക്കെ ക്ഷ വരപ്പിക്കുമെന്നു അലിക്കുഞ്ഞ് രോഷത്തോടെ പറയുന്നു.

മൈക്ക് സെറ്റുകാരന്‍ അവന്റെ ഉപകരണങ്ങള്‍ തിരികെ ചോദിച്ചെത്തുന്നു. അവന് തത്കാലം വാടക കൊടുത്തു വിടുന്നു. കുറച്ചു ദിവസം കൂടി അവ ആവശ്യമുണ്ടെന്നു ചാനല്‍ പ്രവര്‍ത്തകര്‍ പറയുന്നു.

പണം കണ്ടെത്താന്‍ ശരത് നടത്തുന്ന ശ്രമങ്ങള്‍ വിഫലമാവുന്നു. ഫിനാന്‍സ് മാനേജരും തന്നാല്‍ കഴിയുന്ന ശ്രമങ്ങള്‍ നടത്തുന്നു. അതും വിഫലമാവുന്നു. (ശരത് ഇപ്പോള്‍ വീല്‍ ചെയര്‍ മാറ്റി ക്രച്ചസിലാണ്.)

നിര്‍ണായക ദിവസമെത്തുന്നു. പണം കിട്ടിയില്ല. രാത്രി 12 മണി കഴിയുന്നതോടെ ചാനല്‍ ഓഫ് എയറാവുന്നു. ശരതും ജോബിയും അമീനുമെല്ലാം ഓഫീസിലുണ്ട്. അമീന്‍ തിരക്കുപിടിച്ച് എന്തൊക്കെയോ പണികളിലാണ്. അവന്‍ ചാനല്‍ കെട്ടിടത്തിനു മുകളില്‍ പോയി ആന്റിനയുടെ ആംഗിള്‍ മാറ്റിവയ്ക്കുന്നു. തായ്‌ലന്‍ഡിന്റെ ഒരു സാറ്റലൈറ്റ് ഹാക് ചെയ്തു കയറി ചാനല്‍ ലൈവാക്കുകയാണ് അവന്റെ ലക്ഷ്യം. സാറ്റലൈറ്റ് ഹാക്കിംഗ് സംബന്ധിച്ച് ചില ടെക്‌സ്റ്റുകള്‍ അവന്‍ പരതുന്നു. അവന്‍ ചില സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നു. അവന്റെ അധ്വാനം വെളുക്കുവോളം നീളുന്നു. ഇടയ്ക്ക് ഒന്നുരണ്ടു തവണ ലൈവായി മിന്നിമറഞ്ഞു പോകുന്ന ചാനല്‍. ശരത്തിനു പ്രതീക്ഷ ജനിക്കുന്നു. പിന്നീട് കസേരയില്‍ ഇരുന്നുറങ്ങിപ്പോകുന്ന ശരത്.

രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു ശരത്തിനു കോള്‍ വരുന്നു. ചാനല്‍ വീണില്ലേ, ഇനി ഇന്റര്‍വ്യൂ നടക്കില്ലല്ലോ. മുഖ്യമന്ത്രി ആ സമയം മറ്റു ജോലികള്‍ക്കായി മാറ്റട്ടേ എന്നാണ് ചോദ്യം. ശരത്തിന് അമീനെ വിശ്വാസമാണ്. പ്രശ്‌നമില്ലെന്നും രാവിലെ ചാനല്‍ ലൈവാകുമെന്നും ശരത് പറയുന്നു.

ശരത്തിന് മുന്‍മന്ത്രി അലിക്കുഞ്ഞിന്റെ ഫോണ്‍. ചാനല്‍ ചത്തുപോയോ എന്ന് അയാളുടെ പരിഹാസ രൂപത്തിലെ ചോദ്യം. ഇവിടം കൊണ്ടൊന്നും ഇതു തീരില്ലെന്നും ഇനിയും പലതും കാണാനിരിക്കുന്നതേയുള്ളൂ എന്നും അലിക്കുഞ്ഞ് ഭീഷണി മുഴക്കുന്നു. നിരപരാധിയായ എന്റെ രാഷ്ട്രീയ ജീവിതമാണ് നീ തകര്‍ത്തതെന്നും അലിക്കുഞ്ഞ് പറയുന്നു.

രാവിലെ ഒന്‍പതു മണിയോടെ അമീന്‍ ചാനല്‍ ലൈവാക്കുന്നു. അവന്‍ തീരെ അവശനാണ്. എങ്കിലും അവന്‍ ആദ്യമായി ചിരിച്ചുകാണുന്നു. ചാനല്‍ ലൈവാകുന്നു. എല്ലാവര്‍ക്കും ആശ്വാസം.

നിശ്ചയിച്ച സമയത്ത് മുഖ്യമന്ത്രി എത്തുന്നു. എത്ര സമയമാണ് വേണ്ടതെന്നു മുഖ്യമന്ത്രി ചോദിക്കുന്നു. രണ്ടു മണിക്കൂറെന്നു നേരത്തേ പറഞ്ഞതാണല്ലോ എന്നു ശരത്. ഇത്രയും നീണ്ട അഭിമുഖം ജനം സഹിക്കുമോ എന്നു മുഖ്യമന്ത്രി. അങ്ങ് ഈ നാടിന്റെ പ്രതീക്ഷാപുരുഷനല്ലേ എന്നും ഇതു അങ്ങയെകുറിച്ചുള്ള ചില ദൃശ്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുള്ള പരിപാടിയാണെന്നും ശരത് പറയുന്നു.

പതുക്കെ പുരോഗമിക്കുന്ന അഭിമുഖം. മുഖ്യമന്ത്രിയുടെ ചില നടപടികളെ ശരത് പ്രകീര്‍ത്തിക്കുന്നു. (മറ്റു ചാനലുളിലെ ടിവികളിലും ശരത്തിന്റെ അഭിമുഖം ശ്രദ്ധയോടെ കാണുന്നവരുണ്ട്.) ഇനി അങ്ങേയ്ക്കു ഹിതകരമല്ലാത്ത വാര്‍ത്ത വന്നാല്‍ എതിര്‍ക്കുമോ എന്നു ശരത് ചോദിക്കുന്നു. സത്യമുള്ള കാര്യമാണെങ്കില്‍ താന്‍ ഒരിക്കലും എതിര്‍ക്കില്ലെന്നും അതിലെ നല്ല വശം സ്വീകരിക്കുകയേ ചെയ്യൂ എന്നും മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിക്കെതിരായ രാഖിയുടെ വാര്‍ത്ത കാണിക്കുന്നു. മുഖ്യമന്ത്രി ക്ഷുഭിതനാവുന്നു. തന്നെ തേജോവധം ചെയ്യാനുള്ള ശ്രമമാണിതെന്നു മുഖ്യമന്ത്രി പറയുന്നു. ഈ വാര്‍ത്തയില്‍ സത്യാവസ്ഥയില്ലെങ്കില്‍ രാഖി ഈ ചാനലിനു പുറത്തായിരിക്കുമെന്നും രാഖിയ്‌ക്കെതിരേ ചാനല്‍ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യുമെന്നും ശരത് ലൈവില്‍ പറയുന്നു. മുഖ്യമന്ത്രിയെ അനുനയിപ്പിച്ച് അവന്‍ വീണ്ടും അഭിമുഖത്തിലേക്കു വരുന്നു.

പെട്ടെന്ന് ജോബി ലൈവില്‍ വരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരില്‍ നടന്ന തട്ടിപ്പ് അവന്‍ പുറത്തുകൊണ്ടുവരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം ആദ്യം ചേര്‍ത്തലയില്‍ പ്രഖ്യാപിക്കുകയും അവിടെ ഭൂമി വാങ്ങിക്കൂട്ടി കടക്കെണിയിലാവുകയും ചെയ്തവര്‍ അവരുടെ സങ്കടങ്ങള്‍ പറയുന്നു. അവര്‍ ഭൂമി വാങ്ങിയതിനു താന്‍ ഉത്തരവാദിയല്ലെന്നും അവര്‍ക്കു ലാഭമുണ്ടാക്കാനായല്ലേ ഭൂമി വാങ്ങിയതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ചേര്‍ത്തലയില്‍ സാങ്കേതികമായി സാദ്ധ്യമാകാതെ വന്നപ്പോഴാണ് നെടുമ്പാശ്ശേരിയിലേക്കു മാറ്റിയയതെന്നു മുഖ്യമന്ത്രി പറയുന്നു.

ജോബി വാര്‍ത്ത തുടരുന്നു. നെടുമ്പാശ്ശേരിയില്‍ വെള്ളം കയറാന്‍ സാദ്ധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് പൂഴ്ത്തിയാണ് വിമാനത്താവളം നിര്‍മിച്ചതെന്നും അവിടെ മുഖ്യമന്ത്രിയുടെ മകനും മകളും പരിസരത്തെ ചതുപ്പുകളെല്ലാം ബിനാമി പേരില്‍ നിസ്സാര വിലയ്ക്കു വാങ്ങിക്കൂട്ടിയ ശേഷമാണ് മുഖ്യമന്ത്രി വിമാനത്താവളം മാറ്റുന്ന കാര്യം പ്രഖ്യാപിച്ചതെന്നും ജോബി സ്ഥാപിക്കുന്നു. ഇതിനായി ചില ഇടപാടുകാരുടെ വിഷ്വലുകളും കാട്ടുന്നു. ഇടപാടു നടത്തിക്കൊടുത്തിട്ടു കമ്മിഷന്‍ കൊടുക്കാത്തതിനെക്കുറിച്ചു ചില ബ്രോക്കര്‍മാരും പരാതി പറയുന്നു. മുഖ്യമന്ത്രിയുടെ മകന്റെ വസ്തു സുരക്ഷിതമാക്കാനായി റണ്‍വേയില്‍ കൃത്രിമം കാട്ടിയതിനെക്കുറിച്ച് ഒരു എന്‍ജിനീയറും വെളിപ്പെടുത്തുന്നു.

മുഖ്യമന്ത്രി ക്ഷുഭിതനാവുന്നു. പോകാനായി എഴുന്നേല്‍ക്കുന്നു. ഇത്തരമൊരു ആരോപണത്തിനു മറുപടി കൊടുക്കാതെ അങ്ങ് പോകുന്നത് അങ്ങയുടെ ഇമേജിനു തന്നെ കോട്ടമായി തീരുമെന്നു ശരത് പറയുന്നു. മുഖ്യമന്ത്രിക്കു പറയാനുള്ള മറുപടി കേള്‍ക്കുന്ന ശരത്.

ഇത്തരത്തില്‍ ഒരു വിഷ്വല്‍ കൂടി താന്‍ കാണിക്കുമെന്നും അങ്ങു പൊറുക്കണമെന്നും ശരത് പറയുന്നു. ശരത് കപ്പലില്‍ പകര്‍ത്തിയ ദൃശ്യങ്ങളും അതിന്റെ തുടര്‍ച്ചയും. ആയുധങ്ങളും കള്ളപ്പണവുമെല്ലാം വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഇടപാടിലാണെന്നു ശരത് തെളിവു സഹിതം സ്ഥാപിക്കുന്നു. മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടുന്നു. അയാള്‍ വിയര്‍ക്കുന്നു. കുടിക്കാന്‍ വെള്ളം കൊടുക്കുന്ന ശരത്.

(മറ്റു ചാനലുകളില്‍ ഉദ്വേഗം നിറയുന്നു.)

തന്നെ ആക്രമിക്കാന്‍ നിര്‍ദ്ദേശം കൊടുത്തതും മുഖ്യമന്ത്രിയായിരുന്നുവെന്നും അലിക്കുഞ്ഞ് ഒരു ഡമ്മി മാത്രമായിരുന്നുവെന്നും ശരത് സ്ഥാപിക്കുന്നു. ജഗദീഷ് മുഖ്യമന്ത്രിക്കു വേണ്ടി ഡബിള്‍ ഏജന്റായ വിവരവും അവന്‍ സ്ഥാപിക്കുന്നു.

(ഇതെല്ലാം വീട്ടിലിരുന്നു ടിവിയില്‍ കാണുന്ന അലിക്കുഞ്ഞ്.)

മുഖ്യമന്ത്രിയുടെ എതിര്‍വാദങ്ങളെല്ലാം ശരത് പൊളിച്ചടുക്കുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ മുഖ്യമന്ത്രി ചാനലില്‍ ഇരുന്നു തന്നെ രാജി പ്രഖ്യാപിക്കുന്നു. എത്രയോ കാലമായി താന്‍ സൂക്ഷിച്ച ഇമേജാണ് തകര്‍ന്നുവീണതെന്നും. തനിക്കു തന്റെ ഭാഗം ന്യായീകരിക്കാന്‍ സമയം വേണമെന്നും സംശയനിഴലിലായതിനാല്‍ രാജിവയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. അദ്ദേഹം എഴുന്നേല്‍ക്കുന്നു.

(മുഖ്യമന്ത്രി രാജിവച്ചുവെന്നു മറ്റു ചാനലുകളില്‍ ഫ്‌ളാഷ്)

ശരത് ലൈവില്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രതിക്കൂട്ടിലാവുന്ന ഏതൊരു രാഷ്ട്രീയക്കാരനും പ്രയോഗിക്കുന്ന തന്ത്രം മാത്രമാണെന്നും ഇതില്‍ അതിശയമൊന്നും കാണുന്നില്ലെന്നും ശരത് പറയുന്നു.

ശരത് തുടരുന്നു....

ഈ ചാനല്‍ ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ജാതിയോ മതമോ രാഷ്ട്രീയ പിന്‍ബലമോ കോര്‍പറേറ്റ് പിന്തുണയോ ഇല്ലാതെ ഇവിടെയൊരു ചാനലിനു പിടിച്ചുനില്‍ക്കാനാവില്ല. ഈ ചാനല്‍ ഇപ്പോള്‍ ജീവന്‍ നിലനിറുത്തിയിരിക്കുന്നത് ഒരു ക്രിമിനില്‍ കുറ്റത്തിലൂടെയാണ്. തായ്‌ലന്‍ഡിന്റെ ഒരു സാറ്റലൈറ്റ് ഹാക്ക് ചെയ്താണ് ചാനിലിനെ ഏതാനും മണിക്കൂറുകളായി നിലനിറുത്തിയിരിക്കുന്നത്. അപക്വമായ ഒരു പരീക്ഷണമായിരുന്നു ഈ ചാനല്‍. കുറച്ചു സമയം കൂടി ഈ ചാനല്‍ ഇങ്ങനെ തുടരും. പിന്നീട് ഞങ്ങള്‍ തന്നെ ഇതിനെ അവസാനിപ്പിക്കും. രാഷ്ട്രീയത്തിലെ കുറച്ച് ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പുറത്തുകാട്ടാനായി എന്നതാണ് ഈ ചാനലിന്റെ നേട്ടമായി കരുതുന്നത് എന്നു പറഞ്ഞ് ശരത് പിന്‍വാങ്ങുന്നു.

ശരത് സ്റ്റുഡിയോയ്ക്കു പുറത്തേയ്ക്കു വരുന്നു. ദുഃഖത്തോടെ ചുറ്റിനും കൂടുന്ന സഹപ്രവര്‍ത്തകന്‍. ആര്‍ക്കും ഒന്നും പറയാനാവുന്നില്ല.

ശരത് പതുക്കെ പുറത്തേയ്ക്ക്. ഒപ്പം ജോബിയും. ശരത്തിന്റെ കാര്‍ ജോബി എടുക്കുന്നു. ശരത് മുന്നില്‍ കയറുന്നു. കാര്‍ നിരത്തിലൂടെ പതുക്കെ മുന്നോട്ട്. പലേടത്തും ടിവികളില്‍ ശരത്തിന്റെ അഭിമുഖ ദൃശ്യങ്ങള്‍ കാണാം. ഒരിടത്തു വച്ച് അവരുടെ വാഹനത്തിനു നേരേ ഒരു ജാഥ വരുന്നു. മുഖ്യമന്ത്രിയുടെ കോലം ചെരുപ്പുമാലയിട്ടു കൊണ്ടുവരുന്നു. കാറിനെ കടന്ന് ജാഥ പോകുന്നു.

ശരത് വീട്ടിലെത്തുന്നു. അമ്മയുടെ അസ്തിമാടത്തില്‍ പുക്കള്‍ വച്ചു തൊഴുന്നു. അവന്‍ വീട്ടിലേക്കു വന്നു കയറുന്നു. അവിടെ പതിച്ചിരിക്കുന്ന ജപ്തി നോട്ടീസ്. അവന്‍ അതില്‍ നോക്കി ചിരിക്കുന്നു. ജീവിതം തന്നെ ജപ്തിയായി പോയിരിക്കെ പെന്നെന്തു ജപ്തി നോട്ടീസെന്ന് ജോബിയോടു ചോദിക്കുന്ന ശരത്. അവന്‍ വന്നതറിഞ്ഞ് കൂട്ടുകാരി അടുത്ത വീട്ടില്‍ നിന്നു വരുന്നു. പുതിയ വാര്‍ത്തകളില്‍ അവള്‍ക്ക് ആശങ്കയുണ്ട്.
-ഇവിടെ മാധ്യമപ്രവര്‍ത്തകന്‍ ഒട്ടും സുരക്ഷിതനല്ലെന്നും പാഞ്ഞടുക്കുന്ന ഒരു കാറോ ഊരിപ്പിടിച്ച കത്തിയോ ഒക്കെ അവന്‍ എപ്പോഴും പ്രതീക്ഷിച്ചേ തീരൂ എന്നു ശരത് പറയുന്നു.

അവളോട് യാത്ര പറഞ്ഞ് ശരത് ഇറങ്ങുന്നു. അവള്‍ ഭക്ഷണം കഴിച്ചിട്ടുപോകാമെന്നു നിര്‍ബന്ധിക്കുന്നു. വൈകാതെ വരാമെന്നു ശരത്. അവര്‍ പുറപ്പെടുന്നു.

കാറിലിരിക്കുമ്പോള്‍ ശരത്തിന് ഒരു ഫോണ്‍ വരുന്നു.
ഗള്‍ഫിലെ പ്രമുഖ മലയാളി വ്യവസായിയുടെ ഫോണാണ് വരുന്നത്. ഇതുപോലുള്ള ചാനലുകള്‍ നാടിന് ആവശ്യമാണെന്നും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ താന്‍ ഉപാധികളില്ലാതെ സഹായിക്കാമെന്നും അയാള്‍ പറയുന്നു. വ്യവസായികള്‍ പണം മുടക്കുന്നത് ലാഭം പ്രതീക്ഷിച്ചായിരിക്കും. അതു തരാന്‍ എനിക്കു ശേഷിയില്ല. മാത്രമല്ല, നാളെ നിങ്ങള്‍ക്കെതിരേ ഒരു വാര്‍ത്ത കൊടുക്കേണ്ടിവന്നാല്‍ അതും ഞാന്‍ കൊടുക്കും. അതിനാല്‍, ആലോചിച്ച് എടുത്തുചാടിയാല്‍ മതിയെന്നു ശരത് പറയുന്നു.

അവര്‍ ഒരിടത്തു ചായ കുടിക്കാനായി നിറുത്തുന്നു. ചായക്കടയില്‍ അവരുടെ ചാനല്‍ വച്ചിട്ടുണ്ട്. ശരത്തിനെയും ജോബിയേയും സംശയത്തോടെ നോക്കുന്ന ചായക്കടക്കാരന്‍. സാറന്മാരല്ലേ, ഈ ചാനലില്‍ മുഖ്യമന്ത്രിയെ രാജിവയ്പിച്ചതെന്നു ചായക്കടക്കാരന്‍ ചോദിക്കുന്നു. അല്ല ഞങ്ങള്‍ക്കറിയില്ലെന്നു പറഞ്ഞൊഴിയുന്ന ശരത്. അവര്‍ ചായയുടെ കാശ് കൊടുത്ത് ഇറങ്ങുന്നു. അതിശയത്തോടെ നോക്കിനില്‍ക്കുന്ന കടക്കാരന്‍. അകന്നു പോകുന്ന അവരുടെ കാര്‍.

###










Comments

Popular posts from this blog

സീന്‍ ഒന്ന് പുറംകടലില്‍ ഇടത്തരം കപ്പലില്‍ നിന്നു രണ്ടു മീന്‍ വള്ളങ്ങളിലായി പെട്ടികളില്‍ സാധനങ്ങള്‍ കയറ്റുന്നു. ഒരേ സമയം ആശങ്കയിലും ധൃതിയിലുമാണ് അവരുടെ നീക്കം. കപ്പലിലെ സംഘത്തലവന്‍ സാറ്റ് ഫോണില്‍ എവിടേക്കോ സംസാരിക്കുന്നു. കോഡ് ഭാഷയിലാണ് സംസാരം. എങ്കിലും സുരക്ഷിതമായി മീന്‍ വള്ളങ്ങളില്‍ സാധനം കയറ്റുന്നുണ്ടെന്ന് അയാള്‍ പറയുന്നു. ആ സംഭാഷണം അവസാനിപ്പിച്ച് അയാള്‍ വള്ളത്തില്‍ സാധനം കയറ്റുന്നതിന്റെ ചുമതലക്കാരനോടു സംസാരിക്കുന്നു. പെട്ടെന്നാവട്ടെ. എത്ര ചാരക്കണ്ണുകള്‍ എവിടെയെല്ലാം ഉണ്ടെന്നറിയാമോ. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീര സേന അതീവ ജാഗ്രതയിലാണ്. അവര്‍ക്കു വേണ്ടി ഇന്ത്യന്‍ സാറ്റലൈറ്റുകളും കടല്‍ അരിച്ചുപെറുക്കുന്നുണ്ട്. പെട്ടെന്ന് ആകാശത്ത് താഴ്ന്നു പറക്കുന്ന ഡോര്‍ണിയര്‍ വിമാനം. അതു തീര സംരക്ഷണ സേനയാണെന്നും എല്ലാവരും ജോലി നിറുത്താനും മീന്‍ പിടിത്തം നടത്താനും നിര്‍ദ്ദേശിക്കുന്ന സംഘത്തലവന്‍. ചെറുവള്ളങ്ങള്‍ മാറിപ്പോകുന്നു. ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍. വിമാനം പോയിക്കഴിയുമ്പോള്‍ വീണ്ടും അടുത്തുവരുന്ന വള്ളങ്ങള്‍. കാമറ ചുമട്ടുകാരിലൊരാളിലേക്കു പോകുന്നു. ഒരു...